ലൈഫ് മിഷൻ പദ്ധതി: യു.വി ജോസ് ആറ് രേഖകൾ ഹാജരാക്കണമെന്ന് സി.ബി.ഐ
text_fieldsകൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ആറു രേഖകൾ ഹാജരാക്കണമെന്ന് ലൈഫ് സി.ഇ.ഒ യു.വി ജോസിനോട് ആവശ്യപ്പെട്ട് സി.ബി.ഐ. അഞ്ചാം തിയതി കൊച്ചി സി.ബി.ഐ ഓഫീസിൽ ഹാജരാകുമ്പോളാണ് രേഖകള്‍ കൈമാറേണ്ടതെന്നാണ് നിർദേശം.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളുടെ രേഖകള്‍, ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന് പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്ന്റ് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയാണ് ഹാജരാക്കേണ്ടത്.
ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് അല്ലെങ്കിൽ രേഖകൾ വിശദീകരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥൻ ആണ് തിങ്കളാഴ്ച ഹാജരാകേണ്ടത്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക്ക് എം.ഡി, ജി സന്തോഷ് ഈപ്പനെയും, ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

