രണ്ട് കിലോ കഞ്ചാവുമായി പിടിയിൽ
text_fieldsശ്യാംകുമാർ, പ്രശാന്ത്കുമാർ
കൊല്ലം: വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. പരവൂർ നെടുങ്ങോലം കല്ലുവിളവീട്ടിൽ ശ്യാംകുമാർ (36), പരവൂർ പുത്തൻകുളം സ്മിത മന്ദിരത്തിൽ പ്രശാന്ത്കുമാർ (37) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെയും ഡാൻസാഫ് ടീമിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. 2.1 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കൊല്ലം സിറ്റി അഡീഷനൽ എസ്.പി സക്കറിയ മാത്യുവിന്റെ മേൽനോട്ടത്തിൽ ലഹരിസംഘങ്ങൾക്കെതിരെ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് ഇവർ പിടിയിലായത്.
ശക്തികുളങ്ങര പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി ശക്തികുളങ്ങരയിൽ നടത്തിയ വാഹനപരിശോധനയിൽ ബുധനാഴ്ച രാത്രി 11.15 ഓടെ പ്രതികൾ സഞ്ചരിച്ച കാറിൽ സൂക്ഷിച്ചിരുന്ന 2.1 കിലോ വരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സ്കൂൾ, കോളജ് വിദ്യാർഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തിവരുകയായിരുന്നു ഇരുവരും. ശക്തികുളങ്ങര ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ആശ ഐ.വി, പ്രദീപ്, എ.എസ്.ഐ ക്രിസ്റ്റി, സി.പി.ഒ അനിൽ എന്നിവർക്കൊപ്പം ഡാൻസാഫ് എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒ മാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

