Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എസ്​.ബി ബാങ്കിൽ...

സി.എസ്​.ബി ബാങ്കിൽ ത്രിദിന പണിമുടക്ക്​ തുടങ്ങി

text_fields
bookmark_border
catholic syrian bank employees strike
cancel
camera_alt

തൃശൂരിൽ സി.എസ്​.ബി ബാങ്ക്​ ഹെഡ്​ ഓഫീസിന്​ മുന്നിൽ പണിമുടക്കിന്‍റെ ഭാഗമായി നടത്തിയ ധർണ

തൃശൂർ: ബാങ്കി​െൻറ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, വിദേശ ബാങ്കായതോടെ കൈകൊള്ളുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, വ്യവസായതല വേതന പരിഷ്​കരണം നടപ്പാക്കുക, താൽക്കാലിക-കരാർ ജീവനക്കാരുടെ വേതനം വർധിപ്പിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ സി.എസ്​.ബി ബാങ്കിൽ മൂന്ന്​ ദിവസത്തെ പണിമുടക്ക്​ തുടങ്ങി. ബാങ്കിങ്​ രംഗത്തെ എല്ലാ സംഘടനകളും രാജ്യത്തെ എല്ലാ ട്രേഡ്​ യൂണിയൻ സംഘടനകളും സംയുക്തമായാണ്​ പണിമുടക്കുന്നത്​. പണിമുടക്കിന്​ ഐക്യദാർഡ്യം പ്രകടിപ്പിച്ച്​ 22ന്​ സംസ്ഥാനത്ത്​ മറ്റ്​ ബാങ്കുകളിലെ ജീവനക്കാരും ഓഫീസർമാരും പണിമുടക്കും.

സി.എസ്​.ബി ബാങ്കി​ന്‍റെ സംസ്ഥാനത്തെ 272 ശാഖകൾക്ക്​ മുന്നിലും ഇന്ന്​ രാവിലെ ധർണ നടത്തി. തൃശൂരിൽ ബാങ്കി​െൻറ ഹെഡ്​ ഓഫീസിന്​ മുന്നിൽ നടന്ന ധർണക്ക്​ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സമര സഹായ സമിതി ചെയർമാൻ കെ.പി. രാജേന്ദ്രൻ, ബാങ്ക്​ ഓഫീസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ സംയുക്ത വേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ ബാങ്ക്​ യൂനിയൻസ്​ സംസ്ഥാന കൺവീനർ സി.ഡി. ജോസൺ തുടങ്ങിയവർ നേതൃത്വം നൽകി. തൃശൂർ തേക്കിൻകാട്​ മൈതാനം തെക്കേ ഗോപുരനടയിലും മൂന്ന്​ ദിവസം ധർണയുണ്ടെന്ന് സി.എസ്​.ബി ബാങ്ക് സമര സഹായ സമിതി അറിയിച്ചു​.

സി.എസ്​.ബി ബാങ്ക് നൽകുന്ന അപകട സൂചനകൾ

പഴയ കാത്തലിക് സിറിയൻ ബാങ്ക് പുതിയ CSB ബാങ്കായി രൂപാന്തരപ്പെട്ടതിന്‍റെ ദിനസരിയിൽ ജനവിരുദ്ധതയാണ് സുലഭമായിട്ടുള്ളത്. അസാധാരണമായ വിധത്തിൽ 2018 ൽ 51% ഓഹരികൾ കനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് കമ്പനിക്ക് നൽകുന്നതോടെയാണ് ദ്രോഹനയങ്ങൾക്ക് പുതിയ തീവ്രത കൈവരുന്നത്. ഇടപാടുകാരെയും ജീവനക്കാരെയും തൊഴിലന്വേഷകരെയും ഒരു പോലെ ചൂഷണം ചെയ്യുന്ന ബാങ്കധികാരികൾക്കെതിരെ വൻ പ്രതിഷേധമാണ് നടന്നു വരുന്നത്. 100 വർഷം പഴക്കമുള്ള ഈ ബാങ്കിന്റെ ചരിത്രവും സംസ്കാരവും കുഴിച്ചുമൂടി, സമ്പന്നാനുകൂല സമീപനങ്ങളുമായാണ് ബാങ്ക് പ്രവർത്തനങ്ങൾ നീങ്ങുന്നത്.

കാത്തലിക് സിറിയൻ ബാങ്കിന്‍റെ തുടക്കം

1920 നവംബർ 26ന് ആവിർഭവിച്ചു. 1-1-1921 ന് ബാങ്കിങ് പ്രവർത്തനം സമാരംഭിച്ചു. 45,720 രൂപയാണ് ആദ്യ മൂലധനതുക. ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ സന്ദേശവും സ്വാശ്രയത്വത്തിലധിഷ്ഠിതമായ സ്വയംപര്യാപ്തതയും പ്രചോദനം നൽകി. തൃശ്ശൂർ കാത്തലിക് സഭയുടെ നേതൃത്വപരമായ പങ്ക് ശ്രദ്ധേയമാണ്. വിളക്ക് കുറി ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു. കച്ചവടക്കാരും ദാരിദ്ര്യത്തിലമർന്നവരും ഈ സ്ഥാപനത്തെ അവലംബമായി സ്വീകരിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ അധ്യാപകരിലേക്കും ഇടത്തരക്കാരിലേക്കും സ്ഥാപനം കടന്നുചെന്നു.

വളർച്ചയിലേക്ക്

സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷം, 1969ലെ ദേശസാത്കരണത്തോടെ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു. അതിനിടയിൽ അഞ്ചു ചെറിയ ബാങ്കുകളെ ഏറ്റെടുത്തു. 1972ൽ മുംബൈ ചെമ്പൂരിൽ ആദ്യമായി കേരളത്തിനു പുറത്തുള്ള ശാഖ ആരംഭിച്ചു. 1975ൽ വിദേശ വിനിമയ ബിസിനസിന് അനുമതി ലഭിച്ചു. ഉയർച്ചയുടെ പടവുകളിലേക്കുള്ള ഓരോരോ ചുവടുവെപ്പുകളാണവ. 75 ശതമാനം ഇടപാടുകാരും ദുർബല വിഭാഗങ്ങളിൽ പ്പെട്ടവരും സാധാരണക്കാരുമായിരുന്നു. 80 ശതമാനം ശാഖകളും ഗ്രാമീണ മേഖലയിലാണ് പ്രവർത്തനമാരംഭിച്ചത്.

നവലിബറൽ നയത്തിന്‍റെ ആദ്യത്തെ ബാങ്കിങ് ഇര

1991 ലെ ആഗോളവൽക്കരണനയങ്ങൾ തുറന്നു കൊടുത്ത വാതിലിലൂടെ കുത്തക മുതലാളിമാർ ഈ ബാങ്കിൽ കണ്ണുവെക്കാൻ തുടങ്ങി. ബിർള, ഗോയങ്ക എന്നിവരൊക്കെ അതിനുള്ള ശ്രമങ്ങൾ നടത്തി നോക്കി. വിജയിച്ചില്ല. പക്ഷേ 1994 ൽ തായ്‌ലൻഡിലെ ചൗള ബിസിനസ് ഗ്രൂപ്പ് നടത്തിയ അധിനിവേശം അതിതീവ്രമായിരുന്നു. നവലിബറൽ നയങ്ങൾ അനുവദിച്ച പഴുതിലൂടെ വിദേശ മൂലധന ശക്തികൾ ബാങ്കിന്‍റെ 36% ഷെയറുകൾ കൈക്കലാക്കി. പക്ഷെ അന്ന് റിസർവ്വ് ബാങ്ക് പ്രസ്തുത നീക്കത്തെ എതിർത്തു. തുടർന്ന് തൃശ്ശൂർ കാത്തലിക് സഭയുടെ അഭിവന്ദ്യ ബിഷപ്പ് ശ്രീ കുണ്ടുകുളം തിരുമേനിയും സംസ്ഥാന സർക്കാരും പൗരാവലിയും ഏറ്റെടുത്ത പ്രതിരോധ സമരം അനിഷേധ്യമാണ്; ചരിത്രമാണ്.

പ്രതിസന്ധി വളർച്ചയെ മുരടിപ്പിച്ചു

ചൗള ഗ്രൂപ്പ് സൃഷ്ടിച്ച പ്രതിസന്ധി സ്ഥാപനത്തിന്‍റെ ജൈവവളർച്ചക്ക് കനത്ത ആഘാതം ഉണ്ടാക്കി. ആന്തരികമായി ഉടലെടുത്ത ഗ്രൂപ്പ് വൈരങ്ങളും കിടമത്സരങ്ങളും സ്ഥാപനത്തെ വല്ലാതെ ക്ഷയിപ്പിച്ചു. തർക്കവിതർക്കങ്ങളും കോടതി വ്യവഹാരങ്ങളും ഒന്നര പതീറ്റാണ്ടോളം നീണ്ടു. വിദേശ വിനിമയ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും ചൗളക്കെതിരെ കേസെടുത്തു.

സുപ്രീംകോടതി വരെയെത്തിയ വ്യവഹാരങ്ങളും നിയമപോരാട്ടങ്ങളും

2008 മെയ് രണ്ടിന് സുപ്രീംകോടതി ചൗളക്കെതിരെ അന്തിമ വിധി പ്രഖ്യാപിച്ചതോടെയാണ് പര്യവസാനിച്ചത്. എന്നാൽ ഓഹരി കൈയൊഴിയാനും അവർ രംഗം വിട്ടു പോകാനും പിന്നെയും കാലതാമസം നേരിട്ടു. ഇതൊക്കെ ഈ സാമ്പത്തിക സ്ഥാപനത്തിന്‍റെ അപചയവും വിശ്വാസതകർച്ചയും മൂർഛിക്കാൻ കാരണമായി.

മാനേജ്മെന്‍റ് കെടുകാര്യസ്ഥത വിട്ടുപോയില്ല

ദീർഘനാളായി തുടർന്നു വന്ന മാനേജ്മെന്‍റിനകത്തെ ഗ്രൂപ്പിസത്തിനും സ്ഥാപിത താൽപര്യങ്ങൾക്കും അറുതി വന്നില്ല. കെടുകാര്യസ്ഥതയിൽ എല്ലാ റെക്കാർഡുകളും ഭേദിച്ച ഈ ബാങ്കിനെ ദേശസാൽകരിക്കണമെന്ന ജനങ്ങളുടെ മുറവിളിയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സർക്കാരും കണ്ടില്ലെന്നു നടിച്ചു. അതേസമയം, ജൈവപരമായ വളർച്ച കൈവരിക്കാനുള്ള കർമ പരിപാടികൾക്ക് രൂപം കൊടുക്കാനും റിസർവ് ബാങ്ക് ശ്രമിച്ചില്ല. തന്മൂലം ബാങ്കിന്‍റെ വളർച്ച മന്ദഗതിയിൽ തന്നെ തുടർന്നു. ഉന്നത മാനേജ്മെന്‍റിലെ വിഭാഗീയതയും കെടുകാര്യസ്ഥതയും മൂലം വലിയ വില കൊടുക്കേണ്ടി വന്ന ഒരു സാമ്പത്തിക സ്ഥാപനമായി കാത്തലിക് സിറിയൻ ബാങ്ക് പരിണമിച്ചു.

2018ൽ വിദേശ മൂലധനത്തിന്‍റെ രണ്ടാം വരവ്

വീണു പോയവനെ അമർത്തി ചവിട്ടാൻ ശ്രമിക്കുന്നതിനു സമാനമായ വിധമാണ് വിദേശ മൂലധനത്തെ വീണ്ടും കുടിയിരുത്താൻ ഉന്നത തല ഗൂഢാലോചനകൾ അരങ്ങേറിയെന്നാണ് ഇപ്പോൾ വെളിച്ചത്തു വന്നിരിക്കുന്നത്. നൂറു കൊല്ലം പിന്നിട്ട CSB ബാങ്കിന്‍റെ 51% ഓഹരികൾ കനഡ ആസ്ഥാനമായ ഫെയർഫാക്സ് കുത്തകയുടെ മൗറീഷ്യസ് ഹോൾഡിങ് കമ്പനി കൈവശപ്പെടുത്തിയതോടെ ബാങ്കിന്‍റെ ഘടനയും ഉള്ളടക്കവും മൗലികമായ മാററങ്ങൾക്കു് വിധേയമായി. റിസർവ്വ് ബാങ്കിന്റെയും ഇന്ത്യൻ ബാങ്കിങ്ങിന്റെയും ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികൾ ഒരൊറ്റ കമ്പനിക്ക് കൈമാറാനുള്ള അനുമതി നൽകുന്നത്. 2018 മാർച്ച് 21 ന് ബാങ്കിന്റെ അസാധാരണ ജനറൽ ബോഡി യോഗം ചേർന്നാണ് വിദേശികൾക്ക് ബാങ്കിനെ നല്കാനുള്ള സ്പെഷ്യൽ പ്രമേയം പാസാക്കുന്നത്. 2018 ജൂലൈ 12 ന് റിസർവ്വ് ബാങ്കിന്റെ അനുമതി ലഭിച്ചു. ഒക്ടോബർ 9 ന് കേന്ദ്ര ധനകാര്യ മന്ത്രാലയവും അംഗീകാരം നൽകി. എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ നിർവ്വഹിക്കപ്പെട്ടു. ശ്രീ CVR രാജേന്ദ്രനെ എം.ഡി.യായി നിയമിക്കുന്നത് ഇത്തരമൊരു പദ്ധതി മുന്നിൽ കണ്ടു കൊണ്ടാണെന്ന് ഫെയർ ഫാക്സിന്റെ 2017 ലെ വാർഷിക റിപ്പോർട്ടിൽ പ്രസ്താവിക്കുന്നുണ്ടു്. ഒട്ടനവധി നിഗൂഢതകളും സുതാര്യമല്ലാത്ത അജണ്ടകളും അധികാരികളുടെ പ്രസ്തുത തീരുമാനത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് വ്യക്തം.

ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ

വിദേശ ബാങ്കായി മാറിയ CSB ബാങ്ക് ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി നടത്തി. താക്കോൽ സ്ഥാനങ്ങളിലെല്ലാം വിദേശ മുതലാളിയുടെ പാർശ്വവർത്തികളെ നിയമിച്ചു. CSB ബാങ്ക് എന്ന പുതിയ പേരുമാറ്റത്തിന് 2019 ഒക്ടോബർ 19 ന് റിസർവ്വ് ബാങ്ക് അനുമതി നൽകി. ജനകീയ ബാങ്കിംഗ് പ്രവൃത്തികൾ ഒന്നൊന്നായി നിർത്തലാക്കി. സാധാരണ ഇടപാടുകാർ ലാഭകരമല്ല എന്ന പേരിൽ അവരെ ഘട്ടം ഘട്ടമായി പുറത്താക്കണമെന്നാണ് അധികാരികളുടെ കർശന നിർദ്ദേശം. കാർഷിക വായ്പ, വിദ്യാഭ്യാസ വായ്പ, ബിസിനസ് വായ്പ, ഭവന വായ്പ എന്നിവയെല്ലാം വേണ്ടെന്നുവച്ചു. കോർപ്പറേറ്റ് വായ്പയിലും പെട്ടെന്ന് ലാഭം കൊയ്യാൻ കഴിയുന്ന ഊഹക്കച്ചവട മേഖലയിലുമാണ് ബാങ്ക് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. പിന്നെ പെട്ടെന്ന് വരുമാനം ലഭ്യമാകുന്ന സ്വർണ പണയ വായ്പയും. ഭവന വായ്പകൾ വന്നാൽ അതു് HDFC കമ്പനിയിലേക്ക് റഫർ ചെയ്യുമ്പോൾ കിട്ടുന്ന കമ്മീഷനിലാണ് ഇപ്പോഴത്തെ ശ്രദ്ധ. 2017 മാർച്ചിലെ ഭവന വായ്പ 342 കോടിയായിരുന്നത് 2021 മാർച്ചിൽ 245 കോടിയായി കുറഞ്ഞു. വിദ്യാഭ്യാസ വായ്പ 178 കോടിയിൽ നിന്ന് 77 കോടിയായി കുറഞ്ഞു. എന്നാൽ കോർപ്പറേറ്റ് വായ്പ 942 കോടിയിൽ നിന്ന് 3600 കോടിയായി കുതിക്കുകയാണുണ്ടായത്. കോർപ്പറേറ്റ് വായ്പയിലെ 85% തുകയും കേരളത്തിനു പുറത്തുള്ള ശാഖകളിലാണ് വിതരണം ചെയ്തത്.

ജീവനക്കാരുടെ ജീവിത സുരക്ഷ തകർത്ത് അടിമകളാക്കാൻ ശ്രമം

അനീതികൾ ചൂണ്ടിക്കാണിക്കുന്ന സ്ഥിരം ജീവനക്കാർക്കെതിരെ വൻ കടന്നാക്രമണമാണ് നടത്തുന്നത്. CSB ബാങ്കിൽ മാത്രം റിട്ടയർമെൻറ് പ്രായം 1-04-2019 മുതൽ 58 വയസ്സായി വെട്ടിക്കുറച്ചു. കേട്ടുകേൾവിയില്ലാത്ത പ്രതികാര നടപടികളും ക്രൂരമായ സ്ഥലം മാറ്റങ്ങളും ദിനചര്യയായി മാറി. വ്യവസായ തലത്തിൽ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലും നടപ്പാക്കിയ വേതന പരിഷ്കരണം CSB ബാങ്കിൽ നടപ്പാക്കുന്നില്ല. പത്ത് കരാറുകളും നടപ്പാക്കിയിട്ടുള്ള ബാങ്ക് പതിനൊന്നാം കരാർ നടപ്പാക്കില്ലെന്നു് വാശി പിടിക്കുന്നു. വ്യാവസായിക തലത്തിൽ ഏറെ ചർച്ചകൾക്കുശേഷം ഇന്ത്യൻ ബാങ്ക്സ് അസ്സോസിയേഷൻ യൂണിയനുകളുമായി ഒപ്പ് വെച്ചതാണീ ഉഭയകക്ഷി കരാർ.

VRS/CRS പദ്ധതികളിലൂടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 3200 ൽ നിന്നും 1,353 ആയി വെട്ടിക്കുറച്ചു . അതേസമയം കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ പുതുതായി 3500 താൽക്കാലിക - കോൺട്രാക്റ്റ് ജീവനക്കാരെ യാതൊരു സുതാര്യതയുമില്ലാതെ നിയമിക്കുകയുണ്ടായി. ഇവർക്ക് നൽകുന്ന വേതനം തുച്ഛമാണ് . അപ്രായോഗികമല്ലാത്ത ടാർജറ്റുകൾ അടിച്ചേല്പിച്ച് കടുത്ത മാനസിക സമ്മർദ്ദമാണ് ജീവനക്കാരിൽ ചെലുത്തി കൊണ്ടിരിക്കുന്നത്.

നിയമങ്ങളും ചട്ടങ്ങളും ബാധകമല്ല!!

തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീം കോടതി വിധി തങ്ങൾക്ക് ബാധകമല്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. വ്യവസായ അടിസ്ഥാനത്തിലുള്ള യാതൊരു കരാറുകളും നിയമങ്ങളും തങ്ങൾ അനുസരിക്കില്ലെന്ന ധാർഷ്ട്യമാണ് CSB ബാങ്ക് ഉന്നയിച്ചു വരുന്നത്. എല്ലാ വിധ ബാങ്കിംഗ് നൈതികതയും പുതിയ വിദേശ മാനേജ്മെന്റ് കുഴിച്ചുമൂടുകയാണ്. സർവ്വീസ് ചാർജുകളും വിവിധയിനം പിഴകളും കേട്ടുകേൾവിയില്ലാത്തതാണ്. ഒരു സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ ആദ്യ നിക്ഷേപം 10000 രൂപ നിർബ്ബന്ധമാക്കി. 30,000 രൂപ ശരാശരി ബാലൻസ് സൂക്ഷിക്കാത്തവരെ ലാഭകരമല്ലാത്ത അക്കൗണ്ടെന്ന് വിലയിരുത്തി അവരെ പുറന്തളളുന്നു. Useless customers എന്നാണ് അവരെ അധികാരികൾ വിശേഷിപ്പിക്കുന്നത്.

ജനവിരുദ്ധതയുടെ പരീക്ഷണശാല

ഇന്ത്യയിലെ സവിശേഷമായ മാസ് ബാങ്കിംഗ് രീതികളിൽ നിന്ന് ക്ലാസ് ബാങ്കിങ്ങിലേക്ക് പൂർണ്ണമായും നീങ്ങി. 1200 കോടി രൂപ മുതൽ മുടക്കി 35000 കോടി രൂപയുടെ ബിസിസിസ് കൈകാര്യം ചെയ്യുന്ന, 100 വർഷം പഴക്കമുള്ള ബാങ്കിന്റെ അപഹരണമാണ് ആഗോളവൽകരണത്തിന്റെ മറവിൽ നടക്കുന്നത്. സ്വകാര്യവൽകൃത ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥക്കകത്ത് ഒരു സ്വകാര്യ ബാങ്കിൻ്റെ പ്രവർത്തനമെന്താകുമെന്നതാണ് CSB ബാങ്ക് പറഞ്ഞു തരുന്ന പാഠം. സ്വകാര്യ ബാങ്കായാൽ 74% വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാമെന്ന കേന്ദ്ര സർക്കാർ തീരുമാനം കൂടി ചേർത്തു വായിക്കുമ്പോഴാണ് ഭാവിയിലെ ബാങ്കിംഗ് സ്വഭാവത്തെ കുറിച്ചൊരു ചിത്രം ലഭിക്കുക. 51% ഓഹരികൾ കനേഡിയൻ കമ്പനിക്കു ലഭിച്ചപ്പോൾ തന്നെ ആ ബാങ്കിൽ നിന്നുയരുന്ന രൗദ്രതയും, സാധാരണക്കാരനോടുള്ള അവമതിപ്പും, സംഘടനകളോടുള്ള അസഹിഷ്ണുതയും പ്രകടമാണിന്ന്.

തൊഴിലാളി ബഹുജന ഐക്യം മാത്രമാണ് പോംവഴി

സി.എസ്.ബി ബാങ്കിലെ സംഭവ വികാസങ്ങൾ ഒരു ചൂണ്ടുപലകയാണ്. കേന്ദ്ര സർക്കാറിന്‍റെ ഇംഗിതവും അത്തരത്തിലുള്ളതായതിനാൽ ഏറെ തീക്ഷ്ണമായ ജനകീയ പോരാട്ടങ്ങളിലൂടെ മാത്രമേ ജനവിരുദ്ധ ബാങ്കിങ് നയങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കഴിയു. ആ ദിശയിൽ സി.എസ്.ബി ബാങ്കിൽ സംഘടിപ്പിച്ചു വരുന്ന ചെറുത്തുനിൽപ്പ് പ്രക്ഷോഭം ഏറെ പ്രശംസനീയമാണ്. ജീവനക്കാരെല്ലാം അനിതരസാധാരണമായ ഐക്യത്തോടെ ഒരേ മനസ്സായുയർന്നു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരായവർക്ക് തുഛ വേതനം നല്കി അടിമകളെ പോലെ പണിയെടുപ്പിക്കുന്നതാണ് സി.എസ്.ബി ബാങ്കിലെ ഇപ്പോഴത്തെ തൊഴിൽ രംഗം. ജോലി താൽകാലികമാണെന്ന പേരിൽ നടത്തുന്ന കടുത്ത ചൂഷണത്തിനെതിരെയും അതിനാൽ പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ സന്ദേശത്തെ ഉയർത്തി പിടിക്കുക

ഓർമ്മയുള്ള മനുഷ്യനെ കീഴ്പ്പെടുത്താനാകില്ല. ചരിത്രവും പാരമ്പര്യവുമുള്ള ഒരു രാജ്യത്തെയും അടിമപ്പെടുത്താനാകില്ല. തന്മൂലമാണ് പുതിയ വിദേശ മൂലധന ശക്തികൾ ഇടപാടുകാരെ ഒന്നിനും കൊള്ളാത്ത useless എന്നും ജീവനക്കാരെ dead wood എന്നും നിരന്തരം ആക്ഷേപിക്കുന്നത്. ഒരു ജനതയൊന്നാകെ ചോരയും നീരും കൊടുത്തുണ്ടാക്കിയ സ്ഥാപനത്തെയാണ് പുത്തൻ പണവുമായി വന്ന് കവർന്നെടുക്കാൻ ശ്രമിക്കുന്നത്. ഈ സ്ഥാപനത്തിന്‍റെ പാരമ്പര്യം മാനവികതയാണ്. അപരസ്നേഹവും സേവന മനോഭാവവുമാണ് ജനകീയ ബാങ്കിങ്ങിന്‍റെ മുഖമുദ്ര. വേദനയനുഭവിക്കുന്നവരും കഷ്ടപ്പെടുന്നവരും നിലനിൽക്കുന്നിടത്തോളം കാലം നാടിന്‍റെ അക്ഷയ പാത്രമായ ബാങ്കുകളെ ചൂതാട്ട ശക്തികൾക്ക് കൈമാറാൻ അനുവദിക്കരുതു്. അവശർക്ക് ആലംബമായി പൊതുമേഖലാ സ്ഥാപനങ്ങളെ പുനഃസ്ഥാപിക്കേണ്ടതുണ്ട്. നിരന്തരമായ പ്രക്ഷോഭവും വിശാലമായ തൊഴിലാളി ബഹുജന ഐക്യവുമാണ് ഏക മോചനമാർഗം.

Show Full Article
TAGS:catholic syrian bank employees strike 
News Summary - catholic syrian bank employees strike in thrissur
Next Story