കാതോലിക്കയെ വാഴിക്കല്‍: പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് കേന്ദ്ര പ്രതിനിധി സംഘത്തിൽ
text_fieldsന്യൂഡൽഹി: യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ ശ്രേഷ്ഠ കാതോലിക്ക ബാവയായി വാഴിക്കുന്ന ചടങ്ങിനുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രതിനിധി സംഘത്തിൽ പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിനെ ഉൾപ്പെടുത്തി.
ബെയ്റുത്തിൽ 25ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലേക്ക് കേന്ദ്ര സർക്കാർ അയക്കുന്ന നാലംഗ പ്രതിനിധി സംഘത്തിലാണ് ബി.ജെ.പി നേതാക്കളും മുൻ കേന്ദ്ര മന്ത്രിമാരുമായ അൽഫോൻസ് കണ്ണന്താനം, വി. മുരളീധരൻ, ചാലക്കുടി എം.പി ബെന്നി ബെഹനാൻ എന്നിവർക്കൊപ്പം മോദി സർക്കാർ ഷോൺ ജോർജിനെ ഉൾപ്പെടുത്തിയത്.
വിദ്വേഷ കുറ്റകൃത്യത്തിന് ജാമ്യത്തിലിറങ്ങിയ ശേഷം ലവ് ജിഹാദ് ആരോപിച്ച് മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പ്രചാരണം നടത്തിയ പിതാവ് പി.സി. ജോർജിനെ ഷോൺ ജോർജ് പിന്തുണക്കുകയും ചെയ്തിരുന്നു.
കാതോലിക്ക ബാവയായി വാഴിക്കുന്ന ചടങ്ങിൽ കേന്ദ്രത്തിന്റെ പ്രതിനിധി സംഘവും കേരളത്തിൽ നിന്ന് മന്ത്രി പി. രാജീവ് നയിക്കുന്ന ഏഴംഗ സംഘവും പങ്കെടുക്കും.

