കത്തോലിക്ക സഭയുടെ ആശുപത്രികളിൽ നഴ്സുമാരുടെ വേതനം പരിഷ്കരിക്കും
text_fieldsകൊച്ചി: കത്തോലിക്ക സഭയുടെ ആശുപത്രികളിൽ നഴ്സുമാരുടെ അടക്കം ജീവനക്കാരുടെ വേതനം പരിഷ്കരിക്കാൻ തീരുമാനിച്ചു. കെ.സി.ബി.സി ലേബർ കമീഷെൻറയും ഹെൽത്ത് കമീഷെൻറയും കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷെൻറയും ആശുപത്രി ഡയറക്ടർമാരുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്.
കെ.സി.ബി.സി ലേബർ കമീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ അധ്യക്ഷതയിൽ ബുധനാഴ്ച എറണാകുളം പി.ഒ.സിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ യോഗം വിലയിരുത്തി. അനുദിനം ഉയരുന്ന ജീവിതച്ചെലവുകൾ പരിഗണിച്ചാണ് േവതന വർധന തീരുമാനിച്ചത്. നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ രൂപവത്കരിച്ച സംവിധാനങ്ങളുടെ തീരുമാനങ്ങൾ വൈകുന്നതുമൂലം പുതിയൊരു വേതന സ്കെയിൽ രൂപപ്പെടുത്താൻ നിശ്ചയിച്ചു. ഇതിന് 11 അംഗ കമ്മിറ്റിക്ക് രൂപം നൽകി. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള പുതുക്കിയ വേതനം ആഗസ്റ്റ് മുതൽ നൽകും.
കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, കെ.സി.ബി.സി ലേബർ കമീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ്, ഹെൽത്ത് കമീഷൻ സെക്രട്ടറി ഫാ. സൈമൺ പള്ളൂപേട്ട, കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ഫാ. തോമസ് വൈക്കത്തുപറമ്പിൽ, കമീഷൻ ജോയൻറ് സെക്രട്ടറി ജോസഫ് ജൂഡ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
