‘ഇതുപോലുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് മാനക്കേട്’; പി.സി. ജോർജിന് മറുപടിയുമായി കത്തോലിക്ക കോൺഗ്രസ്
text_fieldsകോട്ടയം: പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർഥി പി.സി. ജോർജിന്റെ വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ പി.സി. ജോർജ് ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും സഭയെയും സഭാനേതൃത്വത്തെയും താറടിച്ചു കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും സംഘടന കുറ്റപ്പെടുത്തി.
സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി സഭയെ ഉപയോഗിക്കുകയും പിന്നീട് അതേ സഭയെ തന്നെ അധിക്ഷേപിക്കുകയും ചെയ്യുന്ന ജോർജിന്റെ ശൈലി അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൂഞ്ഞാറിൽ യു.ഡി.എഫിന് വോട്ടുചെയ്യാൻ മെത്രാൻമാർ പറഞ്ഞതായി ആരോപിച്ച ജോർജ്, എന്ത് കിട്ടിയിട്ടാണ് സഭ ഇങ്ങനെ വൃത്തികെട്ട പണി ചെയ്യുന്നതെന്നും നാണം കെട്ടവന്മാരായ ഈ സഭയെ തള്ളിപ്പറയേണ്ടി വരുമെന്നും വിമർശിച്ചിരുന്നു. താൻ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നാലെയാണ് ജോർജിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ കോൺഗ്രസ് പ്രസ്താവന ഇറക്കിയത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറയുന്നത് ജോർജിന്റെ സ്ഥിരം ശൈലിയാണ്, ഇത്തരത്തിലുള്ള 'രാഷ്ട്രീയ കോമരങ്ങൾ' കേരള രാഷ്ട്രീയത്തിന് തന്നെ മാനക്കേടാണെന്നും കത്തോലിക്കാ കോൺഗ്രസ് പരിഹസിച്ചു. സഭയെയും മെത്രാനെയും അപകീർത്തിപ്പെടുത്തുന്ന ഇത്തരം നിലപാടുകൾ വിശ്വാസികൾ തള്ളിക്കളയും. തന്റെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സഭാനേതൃത്വത്തെ അധിക്ഷേപിക്കുന്നത് ജോർജ് ഇനിയും തുടരുകയാണെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത മുന്നറിയിപ്പ് നൽകി.
മകൻ ഷോൺ ജോർജിന് പിന്നാലെയാണ് ക്രൈസ്തവ സഭകളെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും പി.സി. ജോർജും രംഗത്തുവന്നത്. ‘ഷോൺ എന്റെ മകനാണ്. മനസ്സിലായില്ലേ? അവൻ സത്യം പറഞ്ഞു പഠിക്കേണ്ടവനാണ്. സത്യമേ പറയൂ. സഭയുമല്ല, ഒന്നുമല്ല, ഏതാണോ സത്യം അത് പറയും. ഈ സഭ എന്താ ഇപ്പോഴും ഇങ്ങനെ ആകുന്നേ? ഞാൻ ഷോൺ പറഞ്ഞതിൽ ഇച്ചിരി കൂട്ടി പറയുകയാ. നമ്മുടെ കാഞ്ഞിരപ്പള്ളി ബിഷപ്പ്, അയാളൊരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷെ അയാൾ മഠങ്ങളിൽ എല്ലാം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. മര്യാദയാണോ കാണിച്ചത്? അത് പറയാൻ അയാൾക്ക് എന്താ അവകാശം? ഈ സഭ എന്ന് പറഞ്ഞാൽ യുഡിഎഫ് ആണോയെന്നും ജോർജ് ചോദിച്ചിരുന്നു.
നേരത്തെ, പാലായിലെ എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ ഷോൺ ജോർജും സഭയെ വെല്ലുവിളിച്ചിരുന്നു. കത്തോലിക്ക സഭയിലെ ഒരു വിഭാഗം വൈദികരും മുഖപത്രമായ ‘ദീപിക’യും ബി.ജെ.പിക്ക് എതിരായി നിലപാടെടുത്തെന്നും ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഷോൺ കുറ്റപ്പെടുത്തി.
എഫ്.സി.ആർ.എ ബില്ല് മാറ്റിവെച്ചത് തങ്ങളുടെ സമ്മർദ്ധപ്രകാരമായിരുന്നു. സഭക്ക് തങ്ങളെ വേണ്ടെങ്കിൽ സഭയെയും വേണ്ടെന്ന് വെക്കേണ്ടി വരുമെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

