'റിപ്പോർട്ട് പൂഴ്ത്തി മൻ കി ബാത് വേണ്ട, സർക്കാർ ആരെയോ ഭയപ്പെടുന്നു, അർഹതയില്ലാത്തതൊന്നും ക്രൈസ്തവർക്ക് വേണ്ട'; കത്തോലിക്കസഭ മുഖപത്രം
text_fieldsതിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി.കോശി കമീഷൻ റിപ്പോർട്ട് പുറത്തുവിടാത്ത സംസ്ഥാന സർക്കാർ നടപടിയെ രൂക്ഷമായി ചോദ്യം ചെയ്ത് കത്തോലിക്കസഭ മുഖപത്രം ദീപിക. സർക്കാർ ആരെയോ ഭയപ്പെടുന്നുണ്ടെന്നും ദുരൂഹമാണ് സർക്കാർ നടപടിയെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
ഭരണഘടനയെയോ മതേതരത്വത്തെയോ വെല്ലുവിളിക്കുന്ന ഒരു മതനിയമമോ ആനുകൂല്യമോ ക്രൈസ്തവർക്ക് ആവശ്യമില്ലെന്നും ക്ഷേമനിധിയായാലും നൊബേൽ സമ്മാനമായാലും അർഹതയില്ലാത്തതൊന്നും ക്രൈസ്തവർക്ക് വേണ്ടെന്നും മുഖപ്രസംഗം പറയുന്നു.
കമീഷൻ റിപ്പോർട്ടിലെ 328 ൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷേ, അവ ഏതൊക്കെയാണെന്ന് ക്രൈസ്തവർക്ക് പോലും അറിയാനാകന്നില്ല. ദയവായി കമീഷൻ റിപ്പോർട്ട് പുറത്തുവിടൂ. സഭകൾക്ക് അതൊന്നു വായിക്കാനും ചർച്ച ചെയ്യാനും ഇത്തിരി സമയം അനുവദിക്കൂവെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
കമീഷന്റെ ഒരു ശിപാർശ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാകാം ‘സൺഡേ സ്കൂൾ ക്ഷേമനിധി’ എന്ന ആശയം പരിഗണനക്കെടുത്തത്. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഉള്ളടക്കം സർക്കാരിനറിയാം. ക്രൈസ്തവർക്കോ പൊതുസമൂഹത്തിനോ അറിയത്തുമില്ല. എന്നിട്ടും വരൂ, അഭിപ്രായം പറയൂ എന്നു നിർബന്ധിക്കുന്നത് വിചിത്ര നടപടിയാണ്. അതിലേറെ വിചിത്രമാണെന്നും ദീപിക ചൂണ്ടിക്കാണിക്കുന്നു. മറുവശം കേൾക്കാനുള്ള വിമുഖതയെ സൂചിപ്പിക്കുന്ന ‘മൻ കി ബാത്’കളുടെ പതിപ്പാണ് സംസ്ഥാന സർക്കാർ നടപടിയെന്നുമാണ് വിമര്ശനം.
കമീഷൻ റിപ്പോർട്ടിനെക്കുറിച്ചെന്നപോലെ നിർദിഷ്ട ക്ഷേമനിധിയുടെ വിശദാംശങ്ങളും ക്രൈസ്തവർക്ക് അറിയില്ല. മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെക്കുറിച്ചൊക്കെ ദുരൂഹതയാണ്. പിന്നെങ്ങനെയാണ് അഭിപ്രായം പറയുന്നതെന്നും ദീപിക മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

