'കേരളത്തിലെ ക്രൈസ്തവർ വെറും പോഴന്മാരെന്ന രീതിയിലാണ് വിശദീകരണം'; മുഖ്യമന്ത്രിക്കെതിരെ കത്തോലിക്കസഭ മുഖപത്രം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കസഭ മുഖപത്രം ദീപിക. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷം വെറും പോഴന്മാരാണെന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് ദീപിക മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കുമെന്നാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രി പറയുന്നത്. ഒരു ക്രിസ്ത്യാനിപോലും അറിയാതെ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞ സർക്കാർ റിപ്പോർട്ട് ഇനിയെങ്കിലും പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണെന്നും പരിഹസിച്ചു.
സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ 2020 നവംബർ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2023 മേയിൽ രണ്ടാം പിണറായി സർക്കാരിനു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിൽനിന്നു സർക്കാർ ക്രോഡീകരിച്ച ഉപശിപാർശകൾ ഉൾപ്പെടെയുള്ള 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. റിപ്പോർട്ടിലെ ഏതെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ ലക്ഷണമോ ഫലമോ എത്ര ശ്രമിച്ചിട്ടും ആർക്കും കണ്ടുപിടിക്കാനാകുന്നില്ലെന്നാണ് ദീപികയുടെ കുറ്റപ്പെടുത്തൽ.
ഒരു പിൻവാതിൽ ആനുകൂല്യവും ക്രൈസ്തവർക്കു വേണ്ടെന്നും അനാവശ്യ ദുരൂഹത സൃഷ്ടിക്കാതെ, സർക്കാർ ഇരുട്ടിൽനിന്നു മാറി നിൽക്കണമെന്നും ആവശ്യപ്പെടുന്നു.“ചിലപ്പോൾ സംരക്ഷണവും നിയന്ത്രണവും ഒരുപോലെ തോന്നും” എന്ന എക്കോ സിനിമയിലെ നിരീക്ഷണം ഇവിടെയും മുഴങ്ങുന്നുവെന്നും ദീപിക മുഖപത്രത്തിൽ എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

