കേറ്ററിങ് ഉടമ പൊലീസ് കസ്റ്റഡിയിൽ; പണം വാങ്ങി ഭക്ഷണം എത്തിക്കാതിരുന്ന കേസിലാണ് നടപടി
text_fieldsകോട്ടയം: വിവാഹച്ചടങ്ങിനു ഭക്ഷണം എത്തിക്കാതെ മുങ്ങിയ കേസിൽ, കാഞ്ഞിരപ്പള്ളിയിൽ ‘ഉദയം’ കേറ്ററിങ് ഏജൻസി നടത്തിയ കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹനനെ കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ 13ന് ചോറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നടന്ന വിവാഹച്ചടങ്ങുകളിൽ പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതിരിക്കുകയായിരുന്നു. കഞ്ഞിക്കുഴി സ്വദേശിയായ വധുവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് ഇന്നലെ വൈകിട്ടോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
മുണ്ടക്കയം പനക്കച്ചിറ സ്വദേശിയായ വധുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ മുണ്ടക്കയം പൊലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചോറ്റി ക്ഷേത്രത്തിൽ നടത്തിയ വിവാഹത്തിൽ 400 ആളുകൾക്കുള്ള സദ്യക്ക് 1.4 ലക്ഷം രൂപ വിഷ്ണു മുൻകൂർ വാങ്ങിയിരുന്നു. കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിന് 250 ആളുകൾ പങ്കെടുക്കുന്ന ചടങ്ങിൽ ഭക്ഷണം സ്റ്റേജ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കരാറായിരുന്നു എടുത്തിരുന്നത്. തട്ടിപ്പ് വിവരം പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങൾ വഴി കൂടുതൽ ആളുകൾ ഇയാൾക്കെതിരെ ആരോപണങ്ങൾ ഉയർത്തിയിരുന്നു.
കോട്ടയത്ത് രണ്ട് കല്യാണ മണ്ഡപങ്ങളിൽ നടന്ന വിവാഹത്തിനാണ് കേറ്ററിങ് സംഘം ഭക്ഷണം എത്തിക്കാതിരുന്നത്. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ടു വിവാഹച്ചടങ്ങുകളിലാണ് ഭക്ഷണം ലഭിക്കാതിരുന്നത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താത്തതിനെത്തുടർന്നു സമീപത്തെ ഹോട്ടലുകളിൽനിന്നു ഭക്ഷണമെത്തിച്ച് ക്ഷണിക്കപ്പെട്ട ആളുകൾക്ക് നൽകേണ്ടി വരുകയായിരുന്നു. ഈരാറ്റുപേട്ടയിൽനിന്നു ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽപെട്ടുവെന്നും മറ്റൊരു വാഹനത്തിൽ എത്തുമെന്നും ആദ്യം അറിയിച്ചെങ്കിലും പിന്നീട് വിളിച്ചപ്പോൾ ഭക്ഷണം പാകം ചെയ്തില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് അറിയിച്ചത്.
അതേസമയം, സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അംഗീകൃത കേറ്ററിങ് യൂണിറ്റുകളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. കേറ്ററിങ്ങിന്‍റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ട്. ഓൺലൈനിൽ പരസ്യം നൽകി ഇവന്റ് മാനേജ്മെന്റ് എന്ന പേരിൽ വലിയ തട്ടിപ്പ് നടക്കുന്നു. ഉദയം കേറ്ററിങ്ങ് എന്ന സ്ഥാപനത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നതായും മതിയായ ലൈസൻസുള്ള സ്ഥാപനങ്ങളെ ഇവന്റുകൾ ഏൽപ്പിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും എ.കെ.സി.എ സംസ്ഥാന പ്രസിഡന്‍റ് ഏലിയാസ് സഖറിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

