ഐ.എ.എസ് സ്ഥലം മാറ്റം ബോർഡുമായി ആലോചിച്ച് വേണമെന്ന് സി.എ.ടി
text_fieldsകൊച്ചി: സിവിൽ സർവിസ് ബോർഡുമായി ആലോചിച്ചും ഐ.എ.എസ് കേഡർ ചട്ടം പാലിച്ചും മാത്രമേ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളും നിയമനങ്ങളും പാടുള്ളൂവെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി). കേഡർ തസ്തികളിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂവെന്ന് നിരീക്ഷിച്ച സി.എ.ടി എക്സൈസ് കമീഷണർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ഡയറക്ടർ ജനറൽ, കില ഡയറക്ടർ ജനറൽ എന്നീ തസ്തികകൾ ഐ.എ.എസ് കേഡറാണെന്നും വ്യക്തമാക്കി. ഐ.എ.എസ് അല്ലാത്തവർ ഈ തസ്തികകളിൽ ഉണ്ടെങ്കിൽ അവരെ ഉടൻ നീക്കുകയും പകരം സംവിധാനം സർക്കാർ ഏർപ്പെടുത്തുകയും വേണം. എന്നാൽ തസ്തികയിലിരിക്കെ ഇവരെടുത്ത തീരുമാനങ്ങൾക്ക് നിയമസാധുത ഉണ്ടായിരിക്കുമെന്നും ജസ്റ്റിസ് സുനിൽ തോമസ്, വി. രമ മാത്യൂ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2014ൽ ഭേദഗതി ചെയ്ത ഐ.എ.എസ് കേഡർ ചട്ട പ്രകാരം ബോർഡിന്റെ യോഗം ഫലപ്രദമായി നടക്കുന്നില്ലെന്നും ബോർഡിനെയും മറി കടന്നാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നതെന്നും വിലയിരുത്തിയാണ് നിയമനങ്ങളിൽ സിവിൽ സർവിസ് ബോർഡുമായി ആലോചന വേണമെന്ന് സി.എ.ടി ഉത്തരവിട്ടത്. നിശ്ചിത കാലാവധി പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഇത് ബാധകമാണ്. ചട്ടങ്ങൾ പാലിക്കാത്ത പക്ഷം കർശന നടപടിയുണ്ടാകും. മൂന്ന് മാസത്തിൽ ഒരിക്കലുള്ള റിപ്പോർട്ടുകൾ സംസ്ഥാന സർക്കാർ കൃത്യമായി സമർപ്പിക്കണം. ഇക്കാര്യം കേന്ദ്ര സർക്കാർ ഉറപ്പു വരുത്തണമെന്നും സി.എ.ടി നിർദേശിച്ചു.
ചട്ടം ലംഘിച്ചും അന്യായമായും സ്ഥലം മാറ്റുന്നു എന്നടക്കം ചൂണ്ടിക്കാട്ടി കേരള ഐ.എ.എസ് അസോസിയേഷൻ അടക്കം നൽകിയ ഹരജികളാണ് സി.എ.ടി പരിഗണിച്ചത്. അസാധാരണ സാഹചര്യങ്ങളില്ലാതെ നിശ്ചിത കാലാവധി തികയാതെ ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന് സി.എ.ടി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

