സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം: ഡോക്ടറെ സസ്പെൻഡ് ചെയ്തു
text_fieldsകോഴിക്കോട്: കുറ്റ്യാടിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അറസ്റ്റിലായ ഡോക്ടറെ ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ ഡോ. വിപിൻ വി.ബിയെയാണ് സസ്പെന്റ് ചെയ്തതത്.
ഈ മാസം14ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്ത്രീകളോട് മദ്യപിച്ച്, അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് ഈ നടപടി. മുൻപ് ഈ ഡോക്ടർ ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം അത്യാഹിത വിഭാഗത്തിലെ ചികിത്സയിൽ അലംഭാവം കാണിക്കുന്നതായും പരാതി ഉയർന്നിരുന്നു.
ഡോക്ടറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പ്രദേശത്തെ രാഷ്ട്രീയ നേതാക്കളെയാണ് സ്ത്രീകള്‍ അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ചന്ദ്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി, ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മൂന്ന് യുവതികള്‍ നല്‍കിയ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസെടുത്തത്.