ആ ജാതിവിവേചനം നടന്നത് ജനുവരിയിൽ പയ്യന്നൂരിൽ
text_fieldsപയ്യന്നൂർ: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നേരെ ജാതിവിവേചനം നടന്നത് പയ്യന്നൂരിലെ ക്ഷേത്രത്തിൽ. പയ്യന്നൂർ നഗരത്തോട് ചേർന്ന മലബാർ ദേവസ്വം ബോർഡിന് കീഴിലെ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ ഈ വർഷം ജനുവരി 26നാണ് ദുരനുഭവമുണ്ടായത്. ക്ഷേത്രത്തിന്റെ നടപ്പന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം.
പൂജാരിമാർ വിളക്കുകൊളുത്തിയശേഷം മന്ത്രിക്ക് കൈമാറാതെ താഴെ വെച്ചതാണ് വിവാദമായത്. താഴെനിന്ന് വിളക്കെടുത്ത് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ നൽകിയെങ്കിലും മന്ത്രി അത് വാങ്ങാൻ തയാറായില്ല. സി.പി.എം നേതാവ് കൂടിയായ സ്ഥലം എം.എൽ.എ ടി.ഐ. മധുസൂദനൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.പി. സുനിൽകുമാർ, നഗരസഭ ജനപ്രതിനിധികൾ തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മന്ത്രിയുടെ അന്നത്തെ പ്രസംഗത്തിൽ ജാതിവിവേചനം വിഷയമായെങ്കിലും ഈ അനുഭവം പ്രത്യേകമായി പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അന്ന് വിവാദമായില്ല. മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ വേണ്ടത്ര ജാഗ്രതപുലർത്താൻ സംഘാടകർ തയാറായില്ലെന്ന വിമർശനം അന്നുതന്നെ ഉയർന്നിരുന്നു. എന്നാൽ, കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ മന്ത്രിതന്നെ ദുരനുഭവം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ, ക്ഷേത്ര ട്രസ്റ്റിയും പ്രതിക്കൂട്ടിലായി.
അതേസമയം, വിളക്ക് നിലത്തുവെച്ചത് വിവേചനമല്ലെന്നും ആചാരത്തിന്റെ ഭാഗമാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. പൂജാരിമാർ പാലിക്കേണ്ട ആചാരങ്ങളിലൊന്നാണത്. കുളിച്ച് പൂജക്ക് തയാറായാൽ മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്ന ആചാരം പാലിക്കുക മാത്രമാണുണ്ടായതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചില്ല.
അന്ന് സ്ഥലത്തുണ്ടായിരുന്നില്ല
-ക്ഷേത്രം തന്ത്രി
പയ്യന്നൂർ: സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്. മന്ത്രിയോ എം.എൽ.എയോ പരാതി പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ പരാതി അറിഞ്ഞത്. അന്നുതന്നെ പരാതി ശ്രദ്ധയിൽപെടുത്താമായിരുന്നു. ഇപ്പോൾ ആരോപണം ഉന്നയിച്ചത് എന്തിനെന്ന് അറിയില്ല. ജാതിവിവേചനം നിലനിൽക്കുന്നു എന്ന് പറയാൻ കഴിയില്ല. സാഹചര്യം എന്താണെന്ന് പരിശോധിക്കണം. ഓരോ അമ്പലങ്ങളിലും ഓരോ രീതിയാണെന്നും തന്ത്രി പറഞ്ഞു.