ജാതി വിവേചനം: മന്ത്രി രാധാകൃഷ്ണെൻറ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്, നടപടിവേണമെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ജാതീയ വിവേചനം ഉണ്ടായെന്ന മന്ത്രി കെ. രാധാകൃഷ്ണെൻറ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തില്‍ ഒരുകാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്തതാണിത്. ക്ഷേത്രം ഏതാണെന്ന് കൂടി മന്ത്രി വ്യക്തമാക്കാനും നടപടി സ്വീകരിക്കാനും തയാറാകണം. ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല. വൈക്കം സത്യഗ്രഹത്തിെൻറ നൂറ് വര്‍ഷം ആഘോഷിക്കുന്നതിനിടെ ഇത്തരം സംഭവം ഉണ്ടാകുന്നത് നാണക്കേടാണെന്ന് വി.ഡി. സതീശൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനിടെ, ജാതി വിവേചനത്തിൽ വിവാദമല്ല മറിച്ച് മാറ്റമാണ് വേണ്ടതെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. മാറ്റം ഉണ്ടാകണമെന്ന ഉദ്ദേശത്തിലാണ് ക്ഷേത്ര ചടങ്ങിൽ ജാതി വിവേചനം നേരിട്ടെന്ന വിവരം തുറന്നു പറഞ്ഞത്. ചെയ്തത് ശരിയല്ലെന്ന് അവർ പറഞ്ഞാൽ നന്നാവുമെന്നും മന്ത്രി വ്യക്തമാക്കി.
ജാതി വ്യവസ്ഥ മനസിൽ പിടിച്ച കറയാണ്. കേരളത്തിൽ ജാതി ചിന്ത പൊതുവിൽ മാറിയിട്ടുണ്ടെങ്കിലും ചിലരുടെ മനസ്സിൽ നിന്ന് മാറിയിട്ടില്ല. അയിത്തമുള്ള മനുഷ്യന്‍റെ പണത്തിന് അയിത്തമില്ല. തനിക്ക് പരിഗണന കിട്ടിയില്ല എന്നതല്ല പ്രശ്നമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.
പയ്യന്നൂരിലെ മലബാർ ദേവസ്വം ബോർഡിന് കീഴിലെ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിലാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് മന്ത്രി ജാതി വിവേചനത്തിന് ഇരയായത്. ഈ വർഷം ജനുവരി 26 ന് ക്ഷേത്രത്തിന്റെ നടപ്പന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. പൂജാരിമാർ വിളക്കു കൊളുത്തിയ ശേഷം മന്ത്രിക്ക് കൈമാറാതെ താഴെ വെച്ചതാണ് വിവാദമായത്. താഴെ നിന്ന് വിളക്കെടുത്ത് ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർ മന്ത്രിക്ക് നൽകിയെങ്കിലും മന്ത്രി അത് വാങ്ങാൻ തയാറായില്ല. ഈ സമയത്ത് സി.പി.എം നേതാവും സ്ഥലം എം.എൽ.എയുമായ ടി.ഐ. മധുസൂദനൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനും പ്രാദേശിക സി.പി.എം നേതാവുമായ ടി.പി. സുനിൽകുമാർ, നഗരസഭ ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് മന്ത്രിയുടെ പ്രസംഗത്തിൽ ജാതി വിവേചനം വിഷയമായി വന്നുവെങ്കിലും അന്നത്തെ അനുഭവവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. അതു കൊണ്ടു തന്നെ സംഭവം അന്നത്ര വിവാദമാകുകയും ചെയ്തില്ല. എന്നാൽ, കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ മന്ത്രി ദുരനുഭവം പറഞ്ഞതോടെ സംഭവം വിവാദമായത്. അതേസമയം, വിളക്ക് നിലത്ത് വെച്ചത് വിവേചന മനോഭാവത്തിലല്ലെന്നും ആചാരത്തിന്‍റെ ഭാഗമാണെന്നുമാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. ശാന്തി ശുദ്ധം പൂജാരിമാർ പാലിക്കേണ്ട ആചാരങ്ങളിലൊന്നാണ്. കുളിച്ച് പൂജക്ക് തയാറായാൽ മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്ന ആചാരം പാലിക്കുക മാത്രമാണുണ്ടായതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.