Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നയരൂപവത്കരണത്തിലും സംവരണത്തിലും അവഗണന; ഒ.ബി.സിയെ വെട്ടിമാറ്റിയ ജാതി സെൻസസ് വിവാദത്തിൽ

text_fields
bookmark_border
സംസ്ഥാന സർക്കാറുകളുടെ ഒ.ബി.സി/എസ്.ഇ.ബി.സി പട്ടികയും പടിക്ക് പുറത്താണ്
നയരൂപവത്കരണത്തിലും സംവരണത്തിലും അവഗണന; ഒ.ബി.സിയെ വെട്ടിമാറ്റിയ ജാതി സെൻസസ് വിവാദത്തിൽ
cancel

തിരുവനന്തപുരം: രാജ്യത്തെ പകുതിയിലേറെ വരുന്ന ജനതയുടെ സാമൂഹിക-സാമ്പത്തിക അസ്തിത്വത്തെ വേരോടെ പിഴുതെറിയുംവിധം ജാതി സെൻസസ് ചോദ്യാവലിയിൽനിന്ന് ഒ.ബി.സി കാറ്റഗറിയെ വെട്ടിമാറ്റി. 40 ചോദ്യങ്ങളടങ്ങിയ സെൻസസ് പട്ടികയിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിവിധ ജാതിവിഭാഗങ്ങളുടെ കൂട്ടായ്മയായ ഒ.ബി.സിക്കായി പ്രത്യേക കോളമില്ലെന്നത് ‘ജാതി സെൻസസ്’ ആശയത്തെ അപ്രസക്തമാക്കുകയാണ്. മാത്രമല്ല, ഇത് ഗുരുതര ഭരണഘടന ന്യൂനതയാണെന്നും ചൂണ്ടിക്കാട്ടുന്നു.

എസ്.സി/എസ്.ടി കോളങ്ങൾക്ക് ശേഷം, ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട സംസ്ഥാന ഒ.ബി.സി-എസ്.ഇ.ബി.സി ലിസ്റ്റുകളെ പൂർണമായും അവഗണിച്ച് ‘ജാതി’ എന്ന കോളം മാത്രമാണ് ഉൾപ്പെടുത്തിയത്. രേഖപ്പെടുത്താൻ പ്രത്യേക കോളമില്ലാത്തതിനാൽ ഒ.ബി.സി വിഭാഗങ്ങൾ യാന്ത്രികമായി ‘ജനറൽ വിഭാഗത്തിൽ’ ഉൾപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. കേന്ദ്ര സർക്കാറിന്‍റെ ഒ.ബി.സി പട്ടിക മാത്രമല്ല, സംസ്ഥാന സർക്കാറുകളുടെ ഒ.ബി.സി/എസ്.ഇ.ബി.സി പട്ടികയും പടിക്ക് പുറത്താണ്.സെൻസസ് വിവരങ്ങൾ ഔദ്യോഗിക നയരൂപവത്കരണ അടിസ്ഥാന വിവരശേഖരമായി മാറുന്നതോടെ പദ്ധതി വിഹിതത്തിലും ഉദ്യോഗ സംവരണത്തിലും ഉദ്യോഗസ്ഥ പ്രാതിനിധ്യത്തിലും മുതൽ സ്കോളർഷിപ്പിലും വിഭവ വിതരണത്തിലുമടക്കം വലിയ അവഗണനയാണ് ഒ.ബി.സി വിഭാഗങ്ങൾക്ക് നേരിടേണ്ടിവരിക.

ഒ.ബി.സി കോളം ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഒ.ബി.സി ഫെഡറേഷൻ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം നേരിട്ട് കോടതി അംഗീകരിച്ചില്ല. ഒക്ടോബർ 28ലെ ഉത്തരവ് പ്രകാരം, ഡിജിറ്റൽ സെൻസസ് ചോദ്യാവലിയുടെ രൂപകൽപന പൂർണമായും സർക്കാറിന്‍റെ നയപരമായ തീരുമാനമാണെന്നും പരാതിക്കാർക്ക് സെൻസസ് കമീഷണറേറ്റിനെ നേരിട്ട് സമീപിക്കാമെന്നുമായിരുന്നു കോടതി നിലപാട്. ഫലത്തിൽ ദശലക്ഷക്കണക്കിന് പൗരന്മാരുടെ അടിസ്ഥാന അവകാശവാദങ്ങളെ പൂർണമായും ഉദ്യോഗസ്ഥതല തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്.

1980ലെ മണ്ഡൽ കമീഷൻ റിപ്പോർട്ട് പ്രകാരം രാജ്യത്ത് 52 ശതമാനം ഒ.ബി.സി വിഭാഗക്കാരുണ്ട്. ഈ കണക്കുകൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാർ സർവിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം ഏർപ്പെടുത്തിയത്. ഇന്ന് അത് 60 ശതമാനത്തോളം വരുമെന്നും കരുതപ്പെടുന്നു. എന്നാൽ, പുതിയ സെൻസസിൽ ഒ.ബി.സിക്കായി പ്രത്യേക കോളമില്ലാത്തതിനാൽ ഈ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കില്ല. മാത്രമല്ല, കഴിഞ്ഞ 46 വർഷത്തിനിടെ ജനസംഖ്യയിലുണ്ടായത് വലിയ മാറ്റങ്ങളാണ്. 2011ൽ ഗ്രാമവികസന മന്ത്രാലയം നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് അശാസ്ത്രീയ ഡാറ്റാ ശേഖരണം മൂലം പൂർണമായി പരാജയപ്പെട്ടതിന് സമാനമാകും ഒ.ബി.സിയില്ലാത്ത ജാതി സെൻസസും.

നിയമപരവും ഭരണഘടനാപരവുമായ കാരണങ്ങൾ

ഭരണഘടന പിൻബലം

ഓരോ സംസ്ഥാനത്തിനും കേന്ദ്ര ഭരണ പ്രദേശത്തിനും തങ്ങളുടേതായ ആവശ്യങ്ങൾക്കായി സ്വന്തം എസ്.ഇ.ബി.സി-ഒ.ബി.സി ലിസ്റ്റ് തയാറാക്കാനും സൂക്ഷിക്കാനും പൂർണ അധികാരമുണ്ടെന്ന് ഭരണഘടന അനുച്ഛേദം 342 എ(3) വ്യക്തമായി പറയുന്നു.

ജാതിക്കോളം ഒ.ബി.സിയെ ഉൾക്കൊള്ളില്ല

യൂനിയൻ ഓഫ് ഇന്ത്യയും ഇന്ദിരാ സാഹ്നിയും തമ്മിലെ 1992ലെ കേസിന്റെ ചരിത്രപരമായ വിധിയിൽ, ഒ.ബി.സി ഒരു ജാതിയല്ലെന്നും, മറിച്ച് ഭരണഘടനയുടെ 15 (4), 16 (4) അനുച്ഛേദങ്ങൾക്ക് കീഴിൽ വരുന്ന പിന്നാക്ക സാമൂഹിക വിഭാഗമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ‘നിങ്ങളുടെ ജാതി എന്താണ്?’ എന്ന ഒറ്റ ചോദ്യം കൊണ്ട് ഒ.ബി.സിയെ നിർവചിക്കാനാവില്ല. പല സംസ്ഥാനങ്ങളിലെയും എസ്.ഇ.ബി.സി ലിസ്റ്റുകൾ ഉപജാതി, തൊഴിൽ, സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഇതിനെ വെറുമൊരു ‘ജാതി’ കോളത്തിൽ ഒതുക്കുന്നത് സാങ്കേതികമായി തെറ്റും സാമൂഹിക അനീതിയുമാണ്.

സെൻസസ് നിയമത്തിനെതിര്

സെൻസസ് നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം, സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്. സാമൂഹിക നീതി ഉറപ്പാക്കാനുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ പരാജയപ്പെടുന്നത് ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ ലംഘനമാണ്. സംസ്ഥാന ഒ.ബി.സി വിവരങ്ങളില്ലാതെ, സംവരണത്തിനും വിദ്യാഭ്യാസ-തൊഴിൽ പദ്ധതികൾക്കും ആവശ്യമായ കൃത്യവും ആനുപാതികവുമായ വിവരങ്ങൾ ലഭ്യമാകില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Caste Census Sparks Row Over OBC Exclusion
Next Story