Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാതി ചോദിക്കും, പക്ഷേ പട്ടികയില്ല, എഴുതിച്ചേർക്കണം; സെൻസസിലെ പുതിയ രീതിയിൽ ആശയക്കുഴപ്പം

text_fields
bookmark_border
https://www.madhyamam.com/tags/caste-census
cancel

തിരുവനന്തപുരം: ജാതി സെൻസസിൽ ഒ.ബി.സി കോളമില്ലാത്തതിന്​ പിന്നാലെ, മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങളുടെ പട്ടികയിൽനിന്ന് മറുപടി തെരഞ്ഞെടുക്കാൻ സൗകര്യമുള്ള ‘ഡ്രോപ്പ് ഡൗൺ’ സൗകര്യം ഒഴിവാക്കിയതും തിരിച്ചടി. ഉത്തരങ്ങൾക്കായി മുൻകൂട്ടി ഓപ്ഷനുകൾ നൽകാതെ എന്യൂമറേറ്റർമാർക്ക് ഉത്തരം എഴുതിച്ചേർക്കാൻ കഴിയുന്ന ഓപ്പൺ-എൻഡഡ് രീതിയിലാണ് ചോദ്യാവലി ക്രമീകരിച്ചത്.

ഡ്രോപ്പ്-ഡൗൺ ലിസ്റ്റ് ഇല്ലാത്തതിനാൽ ജാതിയിലും ഉപജാതികളിലുമടക്കം എന്യൂമറേറ്റർമാരുടെ പകർത്തിയെഴുത്തിൽ പിശകുക​ളും പൊരുത്തക്കേടുകളും വരാൻ സാധ്യതയുണ്ട്. ഒരേ ജാതി തന്നെ സ്പെല്ലിങ്ങിലെ ചെറിയ വ്യത്യാസങ്ങൾ കാരണം ഡാറ്റാബേസിൽ പുതിയ ജാതികളായി രേഖപ്പെടുത്തപ്പെടും. ഇത് ഒരേ സമുദായത്തെ പലതായി വിഭജിക്കാൻ കാരണമാകും.

2011ലെ സാമൂഹിക-സാമ്പത്തിക ജാതി സെൻസസിൽ (എസ്.ഇ.സി.സി-2011) സമാനമായ ഓപ്പൺ-എൻഡഡ് രീതി ഉപയോഗിച്ചതിന്റെ ഫലമായി 46.7 ലക്ഷത്തിലധികം വ്യത്യസ്ത ജാതി പേരുകളാണ് ഡാറ്റാബേസിൽ വന്നത്. ദശലക്ഷക്കണക്കിന് വരുന്ന ഈ വിവരങ്ങൾ ക്രമീകരിക്കാൻ കഴിയാതെ വന്നതോടെ ആ ഡാറ്റ പൂർണമായും ഉപേക്ഷിക്കേണ്ടിവന്നു. 2027ലെ ജാതി സെൻസസിലും ഡ്രോപ്പ്-ഡൗൺ ഇല്ലാത്തത് ചരിത്രപരമായ പരാജയം ആവർത്തിക്കാൻ കാരണമാകുമെന്ന് വിമർശനം.

2027ലെ സെൻസസിൽ ഒ.ബി.സി കോളം ഡ്രോപ്പ്-ഡൗൺ രീതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഒ.ബി.സി ഫെഡറേഷൻ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ വിവിധ വകുപ്പുകൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.

കേന്ദ്ര സാമൂഹികനീതി മന്ത്രാലയവും സെൻസസ് കമീഷണറേറ്റും തമ്മിലെ ചർച്ചകളിൽ ഈ ഭിന്നത പ്രകടമായി. കേന്ദ്ര ഒ.ബി.സി ലിസ്റ്റിലെയും പട്ടികജാതി വിഭാഗങ്ങളിലെയും എൻട്രികൾ അടങ്ങിയ സമഗ്ര മാസ്റ്റർ ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും അത് ഡിജിറ്റൽ സെൻസസിലെ ഡ്രോപ്പ്-ഡൗൺ മെനുവിനായി നൽകാമെന്നും സാമൂഹികനീതി മന്ത്രാലയം രജിസ്ട്രാർ ജനറലിനെ അറിയിച്ചിരുന്നു.

എന്നാൽ, ഒ.ബി.സി വിഭാഗങ്ങൾക്കിടയിലെ സങ്കീർണമായ ഉപജാതി ഘടനകൾ ചൂണ്ടിക്കാട്ടി ഈ ലിസ്റ്റ് ഉപയോഗിക്കുന്നത് സെൻസസ് കമ്മീഷണറേറ്റ് ഒഴിവാക്കി. മുൻകൂട്ടി നിശ്ചയിച്ച ലിസ്റ്റ് ഇല്ലാതെ ഡാറ്റ ശേഖരിച്ചാൽ 2011ലെ എസ്.ഇ.സി.സി സർവേ നേരിട്ട അതേ പരാജയം ആവർത്തിക്കുമെന്ന ആശങ്ക സാമൂഹികനീതി മന്ത്രാലയം മുന്നോട്ടുവെച്ചെന്നാണ് വിവരം.

2023ൽ ബിഹാറിൽ 13 കോടി ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച ജാതി സെൻസസ് ഡ്രോപ്പ് ഡൗൺ രീതിയിലായിരുന്നു. ബിഹാറിലെ 215 ജാതികളുടെയും വ്യക്തമായ കോഡുകൾ നൽകിയായിരുന്നു ഡ്രോപ്പ് ഡൗൺ ചോദ്യാവലി. വ്യക്തമായ ലിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഡാറ്റാ ക്രോഡീകരണം വേഗത്തിലാകുകയും അക്ഷരത്തെറ്റുകളോ സമാന പേരുകളിലെ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ സർവേ പൂർത്തിയാക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story