കൂടൽമാണിക്യത്തിലെ ജാതിവിലക്ക്: മൻസിയക്ക് പിന്തുണയുമായി കലാകാരന്മാർ
text_fieldsതൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിലക്കിനെതിരെ കലാമേഖലയിൽ പ്രതിഷേധം കനക്കുന്നു. ദേവികക്കും അഞ്ജു അരവിന്ദിനും പിറകെ നർത്തകൻ കാർത്തിക് മണികണ്ഠനും നർത്തകി അപർണ രാമചന്ദ്രനും കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടി ബഹിഷ്കരിച്ചു. ഇരുവരും ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഹിന്ദുമത വിശ്വാസിയല്ലാത്തതിനാൽ മൻസിയക്ക് നൃത്താവസരം വിലക്കിയതിലുള്ള പ്രതിഷേധം കൂടിയാണ് ബഹിഷ്കരണത്തിന് പിന്നിൽ.
2020ൽ മാണിക്യശ്രീ പുരസ്കാരം നൽകുന്നതിൽ സദനം കൃഷ്ണൻകുട്ടിയോട് അനാദരവ് കാണിച്ചത് അപർണ രാമചന്ദ്രൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. വലിയ വിളക്കിനോടനുബന്ധിച്ച് ഏപ്രിൽ 23നാണ് അപർണ രാമചന്ദ്രന്റെ ഭരതനാട്യം നടക്കേണ്ടത്.
ജനാധിപത്യവിരുദ്ധ നിബന്ധന കാരണം ഒഴിവാക്കപ്പെടുന്ന ഓരോ കലാകാരന്മാർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അപർണ കുറിപ്പിൽ പറയുന്നു.
ഏപ്രിൽ 17ന് രണ്ടാം ഉത്സവത്തിനാണ് കാർത്തിക് മണികണ്ഠന്റെ ഭരതനാട്യം നടക്കേണ്ടത്. അഹിന്ദുവായതിനാൽ തന്നെ ഇരിങ്ങാലക്കുട ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയിൽനിന്ന് ഒഴിവാക്കിയെന്ന് മാർച്ച് 28നാണ് മൻസിയ സമൂഹമാധ്യമത്തിൽ അറിയിച്ചത്.
ഇതോടെ വിവിധ മേഖലകളിൽനിന്നുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്രമതിൽക്കെട്ടിനകത്ത് നടക്കുന്ന പരിപാടി ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടതാണെന്നതിനാൽ അഹിന്ദുക്കൾക്ക് പ്രവേശനാനുമതി നൽകാനാവില്ലെന്നാണ് വിശദീകരണമായി ദേവസ്വം അറിയിച്ചത്.
മൻസിയക്ക് നൃത്താവസരം നിഷേധിച്ചതിനാൽ തങ്ങളും പങ്കെടുക്കില്ലെന്ന് ദേവിക സജീവനും അഞ്ജു അരവിന്ദും കഴിഞ്ഞദിവസമാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് കാർത്തിക് മണികണ്ഠനും അപർണയും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

