‘പൂണൂലിട്ട പറയൻ’ എന്ന് അധിക്ഷേപിച്ചതായി മേൽശാന്തി; ഉത്തരവാദിത്തമില്ലെന്ന് എൻ.എസ്.എസ്
text_fieldsഎൻ.എസ്.എസ് പതാക
ഇരിങ്ങാലക്കുട: ‘പൂണൂലിട്ട പറയൻ’ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ മേൽശാന്തി വി.വി. സത്യനാരായണൻ. 2025 മാർച്ചിലെ ഉത്സവക്കാലത്താണ് കമ്മിറ്റി അംഗമായ സ്ത്രീ തന്നെ ‘പൂണൂലിട്ട പറയൻ’ എന്ന് അധിക്ഷേപിച്ച് അന്നത്തെ ഭാരവാഹിക്ക് ശബ്ദസന്ദേശം അയച്ചതെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, ആരോപണവിധേയയായ വ്യക്തി എൻ.എസ്.എസ് അംഗമല്ലെന്നും മൂന്ന് വർഷമായി എടമുട്ടത്താണ് താമസിക്കുന്നതെന്നും കാരുകുളങ്ങര കരയോഗം കമ്മിറ്റി പ്രസിഡന്റ് പി. രാധാകൃഷ്ണൻ, സെക്രട്ടറി സുജ സഞ്ജീവ് കുമാർ എന്നിവർ പറഞ്ഞു. സംഭവം നടന്നതായി പറയുന്ന 2025 മാർച്ചിന് ശേഷവും ശാന്തിക്കാരനായി പ്രവർത്തിച്ച സത്യനാരായണൻ എൻ.എസ്.എസിന് പരാതി നൽകിയിട്ടില്ലെന്നും വിഷയത്തിൽ എൻ.എസ്.എസിന് ഉത്തരവാദിത്തമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചാഴൂർ കോവിലകവും എൻ.എസ്.എസും തമ്മിൽ ഉടലെടുത്ത തർക്കങ്ങൾക്കിടയിൽ ഈ വർഷം ജൂൺ ഒന്നിന് ക്ഷേത്രം എൻ.എസ്.എസ് പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് സത്യനാരായണൻ പറയുന്നത്.
അതേസമയം, സംഭവത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുട്ടംകുളം സമരത്തിന്റെ നാട്ടിൽ കാരുകുളങ്ങര ക്ഷേത്ര കുടുംബാംഗങ്ങൾ നടത്തിയ അധിക്ഷേപം അപരിഷ്കൃതവും നീചവുമാണെന്ന് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ, സെക്രട്ടറി അഖിൽ ലക്ഷ്മണൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ജാതിയധിക്ഷേപം നടത്തിയ ക്ഷേത്രകമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്യണമെന്നും എൻ.എസ്.എസ് നിലപാട് വ്യക്തമാക്കണമെന്നും കെ.പി.എം.എസ് ഇരിങ്ങാലക്കുട യൂനിയൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി.സി. രഘു യോഗം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

