കശുവണ്ടി അഴിമതി: പ്രോസിക്യൂഷൻ അനുമതിക്കേസിൽ സർക്കാറിന് വീണ്ടും ഹൈകോടതിയുടെ വിമർശനം
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജിയിൽ സർക്കാറിന് വീണ്ടും ഹൈകോടതിയുടെ വിമർശനം. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിന്റെ പേരിൽ കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നും ഹരജിയിലെ നടപടികൾ അവസാനിപ്പിക്കണമെന്നുമുള്ള സത്യവാങ്മൂലത്തെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ രൂക്ഷമായി വിമർശിച്ചത്. കേസിൽ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് മുമ്പുതന്നെ കോടതി വ്യക്തമാക്കിയതാണ്.
മുൻകാല ഉത്തരവുകളുണ്ടായപ്പോൾ എതിർക്കാതെ തുടർനടപടികൾ സ്വീകരിച്ച സർക്കാറിന് കോടതിയലക്ഷ്യത്തിൽനിന്ന് എങ്ങനെയാണ് പുറത്തുകടക്കാനാവുക. പുനഃപരിശോധനക്ക് പല അവസരങ്ങളും നൽകിയെങ്കിലും അതെല്ലാം സർക്കാർ ദുരുപയോഗം ചെയ്യുകയല്ലേ ചെയ്തതെന്ന് ചോദിച്ച കോടതി, കോടതിയലക്ഷ്യം നിലനിൽക്കുമെന്നും വ്യക്തമാക്കി. കേസിലെ പ്രതികളായ കോർപറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യാൻ അനുമതിതേടി സി.ബി.ഐ നൽകിയ അപേക്ഷ സർക്കാർ ക്രിയാത്മകമായി പരിഗണിക്കണമെന്ന് നേരത്തേ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ, അപേക്ഷ വ്യവസായ സെക്രട്ടറി മൂന്നുതവണ തള്ളുകയാണുണ്ടായത്.
മൂന്നാംവട്ടവും പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കടകംപള്ളി മനോജ് സമർപ്പിച്ച ഉപഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സർക്കാർ തീരുമാനം വസ്തുതകൾ വിലയിരുത്തിയും മനസ്സിരുത്തിയുമാണെന്നാണ് വ്യവസായ സ്പെഷൽ സെക്രട്ടറി കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ഇക്കാര്യം വെള്ളിയാഴ്ച പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആവർത്തിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ അനുമതി അപേക്ഷ തള്ളിയതിൽ എതിർപ്പുള്ളവർ കോടതിയലക്ഷ്യത്തിന് പകരം പുതിയ ഹരജി നൽകുകയാണ് വേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതാണ് കോടതിയുടെ വിമർശനത്തിനിടയാക്കിയത്.
അഴിമതിക്കാരെ സംരക്ഷിക്കുന്നവരായി ഇടതുസർക്കാർ മാറുന്നുവെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. സർക്കാറിന്‍റെ സത്യവാങ്മൂലത്തിലെ വിശദീകരണം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയ കോടതി, തുടർന്ന് അധികസത്യവാങ്മൂലം വൈകിയ സാഹചര്യത്തിൽ കേസ് ഡിസംബർ എട്ടിന് പരിഗണിക്കാൻ മാറ്റി. കോർപറേഷൻ 2006-15 കാലഘട്ടത്തിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

