കശുവണ്ടി ഇറക്കുമതി അഴിമതി; പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത് റദ്ദാക്കി, പ്രഥമദൃഷ്ട്യ കോടതിയലക്ഷ്യം -ഹൈകോടതി
text_fieldsഹൈകോടതി
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സി.ബി.ഐ നൽകിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷ സംസ്ഥാന സർക്കാർ മൂന്നാമതും തള്ളിയ നടപടിയിൽ പ്രഥമദൃഷ്ട്യ കോടതിയലക്ഷ്യമെന്ന് ഹൈകോടതി. അപേക്ഷ തള്ളിയ 2025 ഒക്ടോബർ 28ലെ സർക്കാർ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് മേയ് 18ന് കോടതിയിൽ ഹാജരാകണമെന്നും ഇതിനകം മുൻഉത്തരവിലെ ഉള്ളടക്കം അതേ രീതിയിൽ ഉൾക്കൊണ്ട് അപേക്ഷ പുനഃപരിശോധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സിംഗിൾബെഞ്ച് ഉത്തരവിട്ടു.
കേസിൽ കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാനാണ് സി.ബി.ഐ അനുമതി തേടിയത്. ഇത് മൂന്നാം തവണയും നിഷേധിച്ച വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് ബെഞ്ച് പരിഗണിച്ചത്.
കോർപറേഷൻ 2006-2015 കാലഘട്ടത്തിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി ആരോപിച്ചാണ് കേസ്. ആരോപണങ്ങളുടെ ഗൗരവവും പ്രഥമദൃഷ്ട്യാ വസ്തുതകളും കണ്ടെത്തിയാണ് 2015 സെപ്റ്റംബർ 23ന് സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഇത്തരവിട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിധി ആരും ചോദ്യം ചെയ്യാത്തതിനാൽ അന്തിമമായി. എന്നാൽ, കശുവണ്ടി ഇറക്കുമതി നടപടിക്രമങ്ങളിലെ പിഴവുകളും ഭരണപരമായ വീഴ്ചകളും മാത്രമാണ് കേസന്വേഷിച്ച സി.ബി.ഐ റിപ്പോർട്ടിലുള്ളതെന്നും അഴിമതിയോ പദവി ദുരുപയോഗമോ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഓരോ തവണയും സർക്കാർ അപേക്ഷ തള്ളിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
2020 ഏപ്രിൽ 30നാണ് പ്രോസിക്യൂഷൻ അനുമതി തേടി സി.ബി.ഐ അപേക്ഷ നൽകിയത്. 2020 ഒക്ടോബർ 15ന് അപേക്ഷ തള്ളി. അപേക്ഷ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാൻ 2024 ജൂലൈ 24ന് കോടതി ഉത്തരവിട്ടു. എന്നിട്ടും 2025 മാർച്ച് 21നും 2025 ഒക്ടോബർ 28നും അപക്ഷേ നിരസിച്ചതാണ് നിലവിൽ കോടതിയലക്ഷ്യ ഹരജിക്ക് കാരണമായത്.
കശുവണ്ടി സംഭരണത്തിൽ നടപടിക്രമം പാലിക്കാത്തത് ഭരണതലത്തിലെ വീഴ്ച മാത്രമാണെന്നും കുറ്റകരമായ ഔദ്യോഗിക പെരുമാറ്റദൂഷ്യമോ പദവിദുരുപയോഗമോ വ്യക്തമല്ലെന്നുമായിരുന്നു വ്യസായ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ, കശുവണ്ടി കേസിൽ കോർപറേഷന്റെ താൽപര്യത്തിന് വിരുദ്ധമായാണ് ചെയർമാനും എം.ഡിയും പ്രവർത്തിച്ചതെന്ന് പിന്നീട് സിംഗിൾബെഞ്ച് വിലയിരുത്തി. നേരത്തേ സി.ബി.ഐ അന്വേഷണാവശ്യം പരിഗണിക്കവേ, വിശദമായ അന്വേഷണം വേണമെന്നാണ് സർക്കാർ ഡിവിഷൻബെഞ്ചിൽ അറിയിച്ചത്. വിജിലൻസ് അന്വേഷണം നടത്തി, സി.ബി.ഐ അന്വേഷണത്തെ എതിർത്തതുമില്ല.
എന്നാൽ, സർക്കാറിന്റെ പിന്നീടുണ്ടായ നിലപാട് സി.ബി.ഐയുടെ റിപ്പോർട്ടിനും കോടതിയുടെ വിലയിരുത്തലിനും വിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പദവി ദുരുപയോഗം ചെയ്ത് പ്രതികൾ അഴിമതി നടത്തിയെന്ന് പ്രഥമദൃഷ്ട്യ ബോധ്യമായിട്ടും സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയാണ്.
അതിനാൽ, കോടതിയലക്ഷ്യ നടപടി അനിവാര്യമാണെന്ന് സിംഗിൾബെഞ്ച് വിലയിരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

