കശുവണ്ടി അഴിമതിക്കേസ്; പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതികൾക്ക് ലഭിച്ചതിൽ വിമർശനം തുടർന്ന് ഹൈകോടതി
text_fieldsകൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതികളുടെ പക്കലെത്തിയതിൽ വീണ്ടും വിമർശനവുമായി ഹൈകോടതി. കോടതിയെ കുറ്റപ്പെടുത്തി സർക്കാർ ആദ്യമിറക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത ഉത്തരവിന്റെ പകർപ്പ് അതേദിവസം തന്നെ പ്രതികളുടെ കൈവശമെത്തിയതെങ്ങിനെയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.
ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് അയച്ചുകൊടുത്തത് ഏതു മാർഗത്തിലാണ്. രജിസ്ട്രേഡ് തപാൽ, ഇ-മെയിൽ, വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങി ഏതു സേവനമാണ് ഇതിനായി ഉപയോഗിച്ചതെന്ന് ഒരാഴ്ചക്കകം അറിയിക്കാൻ കോടതി നിർദേശം നൽകി. ഉത്തരവ് പ്രതികൾക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നിർദേശം. ഏത് മാർഗത്തിലാണ് ഉത്തരവ് കൈമാറിയതെന്നതടക്കം റിപ്പോർട്ടിലില്ലെന്നും ഇത് കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാനുമാണ് കോടതിയുടെ നിർദേശം. പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ചോർന്നതിൽ അന്വേഷണമടക്കം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അഡ്വ. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വ്യവസായ വകുപ്പ് ജൂലൈ രണ്ടിന് ഇറക്കിയ ഉത്തരവിന്റെ പകർപ്പ് കോടതിയിൽ സമർപ്പിക്കും മുമ്പുതന്നെ പ്രതികളിൽ എത്തിയിരുന്നുവെന്ന് വ്യക്തമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പി.വി. വിനോദ് കുമാർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ഇക്കാര്യത്തിലുണ്ടായതെന്ന് കോടതി അഭിപ്രായപ്പെട്ടു.
വിചാരണാനുമതി ഉത്തരവ് പ്രതികൾക്ക് നൽകണമെന്ന് ഏത് നിയമപുസ്തകത്തിലാണുള്ളത്. അന്വേഷണ ഏജൻസിയും അനുമതി നൽകേണ്ട അധികൃതരും തമ്മിലുള്ള നടപടിക്രമത്തിന്റെ ഭാഗമാണിത്. രേഖ കോടതിയിലെത്തിയ ശേഷം പ്രതിക്ക് വേണമെങ്കിൽ പകർപ്പ് ആവശ്യപ്പെടാം. സ്ഥാപിത താൽപര്യമാണ് വരികൾക്കിടയിൽ വ്യക്തമാകുന്നത്. കോടതിയെ അധിക്ഷേപിക്കുന്ന ഉത്തരവ് വെച്ച് പ്രതിക്ക് വാർത്തസമ്മേളനം നടത്താൻ അവസരം ലഭിച്ചു. ഇത് ഗുരുതര സാഹചര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവർ മുഖ്യപ്രതികളായ കേസിൽ സി.ബി.ഐയാണ് അന്വേഷണം നടത്തിയത്. ആദ്യം പുറപ്പെടുവിച്ച പ്രോസിക്യൂഷൻ അനുമതി ഉത്തരവ് കോടതി വിമർശനത്തെ തുടർന്ന് പിൻവലിച്ച് പുതിയത് പുറപ്പെടുവിച്ചിരുന്നു. ഹരജി വീണ്ടും സെപ്റ്റംബർ 11ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

