കശുവണ്ടി കോർപറേഷൻ ക്രമക്കേട്: സി.ബി.െഎ കുറ്റപത്രം കൈമാറി
text_fieldsതിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം സി.ബി.ഐ കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതിക്ക് കൈമാറി. തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നെന്നനിലയിൽ അന്വേഷണം നടത്തിയ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ അഴിമതി നിരോധന നിയമ വകുപ്പ് ഒഴിവാക്കിയിരുന്നു. അതിനെ തുടർന്നാണ് സി.ബി.െഎ കോടതി കുറ്റപത്രം സി.ജെ.എം കോടതിക്ക് കൈമാറിയത്.
കശുവണ്ടി കോർപറേഷൻ മുൻ എം.ഡി കെ.എ. രതീഷ്, മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറുമായ ആർ. ചന്ദ്രശേഖരൻ, കരാറുകാരനായ ജയ് മോഹൻ എന്നിവരാണ് കുറ്റപത്രത്തിലെ മൂന്നുപ്രതികൾ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്. കെ.എ. രതീഷ്, ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ തെളിവുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി സി.ബി.െഎ പ്രോസിക്യൂഷന് അനുമതി തേടിയിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതിനെത്തുടർന്നാണ് അഴിമതി നിരോധന നിയമ വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത്.

