അനധികൃത ബോർഡുകളും ബാനറുകളും കൊടിമരങ്ങളും: പിഴക്ക് പുറമെ കേസെടുക്കണം -ഹൈകോടതി
text_fieldsകൊച്ചി: പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും കൊടിമരങ്ങളും അനധികൃതമായി സ്ഥാപിക്കുന്നവർക്കെതിരെ പിഴക്ക് പുറമെ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കണമെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് കോടതിയും സർക്കാറും പുറപ്പെടുവിച്ച ഉത്തരവുകൾ പാലിച്ചുകൊണ്ടുള്ള നടപടികളാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അനധികൃതമായി ബോർഡുകളും കൊടികളും തോരണങ്ങളും വെക്കുന്നത് നിയമവിരുദ്ധമാണ്. ഇത് എല്ലാവർക്കും ബാധകമാണ്. ഈ വിഷയത്തിൽ നാലര വർഷത്തോളമായി പരിഗണനയിലുള്ള ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നില്ലെങ്കിൽ അതിന്റെ വ്യക്തിപരമായ ഉത്തരവദിത്തം ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കായിരിക്കും.
ഓരോ നിയമ നിഷേധത്തിനും അവ സ്ഥാപിക്കുന്നവരിൽനിന്ന് പിഴയും അതുമായി ബന്ധപ്പെട്ട ചെലവുകളും ഈടാക്കണം. ഇവ തയാറാക്കുന്ന പ്രസ്സിനും സ്ഥാപിക്കുന്ന പരസ്യ ഏജൻസികളടക്കമുള്ളവർക്കുമെതിരെ നടപടിയെടുക്കണം. കോടതി നിർദേശത്തിനനുകൂലമായ ഉത്തരവുകളും സർക്കുലറുകളും യഥാസമയം പുറപ്പെടുവിച്ചും അനധികൃത ബോർഡുകളും മറ്റും നീക്കിയും സർക്കാർ സഹകരിച്ചതായി കോടതി നിരീക്ഷിച്ചു. വിഷയം ഏപ്രിൽ 12ന് വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.