സംസ്ഥാനത്ത് കുതിച്ചുയർന്ന് സൈബർ തട്ടിപ്പ് കേസുകൾ
text_fieldsകോട്ടയം: സംസ്ഥാനത്ത് വിവിധതരം സൈബർ തട്ടിപ്പുകൾ വർധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളും കുതിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വൻ വർധനയുണ്ടായതായാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ.
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ സൈബർ ആക്രമണങ്ങളും വർധിച്ചു. പല സൈബർ തട്ടിപ്പുകളും കണ്ടെത്തി പിടികൂടാൻ പരിമിതിയുണ്ടെന്നും ഇവയിൽ പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ രാജ്യത്തിന് പുറത്തുള്ളവരാണെന്നും അവർ പറയുന്നു.
സൈബർ കുറ്റകൃത്യങ്ങളിൽ വലിയ മാറ്റം വരുന്നതായി പൊലീസ് പറഞ്ഞു. മുമ്പ് മോർഫിങ് ഉൾപ്പെടെയുള്ള കേസുകളായിരുന്നെങ്കിൽ ഇപ്പോൾ സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സൈബർ കേസുകളുടെ എണ്ണം പരിശോധിച്ചാൽ ഇത്തരം തട്ടിപ്പുകളുടെ വ്യാപ്തി വ്യക്തമാകും.
2016 ൽ 283 കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്ത് ഈവർഷം ആഗസ്റ്റ് വരെയുള്ള കണക്ക് പരിശോധിച്ചാൽ 960 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ’17 ൽ 320 ഉം ’18 ൽ 340 ഉം ’19 ൽ 307 ഉം 2020 ൽ 426 ഉം ’21 ൽ 626 ഉം ’22 ൽ 815 ഉം കേസുകൾ രജിസ്റ്റർ ചെയ്തതായാണ് ഔദ്യോഗിക കണക്ക്.
2020 മുതൽ നാല് വർഷത്തെ കണക്കെടുത്താൽ സൈബർ തട്ടിപ്പുകളുടെ രൂക്ഷത വ്യക്തമാകും. സൈബർ തട്ടിപ്പുകൾക്ക് വിധേയരാകുന്നവരുടെ എണ്ണം നിരവധിയാണെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നൽകുന്നില്ലെന്നും പൊലീസ് പറയുന്നു.
ഓൺലൈൻ വഞ്ചന, അശ്ലീല വിഡിയോ നിർമാണം, ഹാക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കേസുകൾ ഏറെയും. ഈയിടെയായി സാമ്പത്തിക തട്ടിപ്പുകളിലും കാര്യമായ വർധന വന്നതായി പൊലീസ് പറയുന്നു. ഗുരുതരവും സംഘടിതവുമായ സൈബർ കുറ്റ കൃത്യങ്ങൾ തടയുന്നതിനും കണ്ടെത്താനായി 2006 മുതൽ ഹൈ-ടെക് ക്രൈം എൻക്വയറി സെൽ പ്രവർത്തിക്കുന്നുണ്ട്.
ഇതുവഴി സൈബർ കുറ്റകൃത്യങ്ങൾ ഒരു പരിധി വരെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. എന്നാൽ, അതിലും പരിമിതിയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സമ്മതിക്കുന്നു. ലോൺ ആപ് തട്ടിപ്പുകളിൽ കാര്യമായ വർധനയുണ്ടായ സാഹചര്യത്തിൽ അനധികൃതമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ആപ്പുകൾ പൂർണമായും നിരോധിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വ്യാജ ഷോപ്പിങ് സൈറ്റുകൾക്കെതിരെ ജാഗ്രത നിർദേശവുമായി പൊലീസ്
കോട്ടയം: പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേരുപയോഗിച്ച് സമൂഹമാധ്യമം വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിങ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഒറ്റനോട്ടത്തിൽ യഥാർഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു.
‘ഐ ഫോണിന് വെറും 498 രൂപ, സോണിയുടെ ടി.വിക്ക് 476 രൂപ, ആപ്പിൾ വാച്ച് വെറും 495 രൂപ... ! എന്നിങ്ങനെയുള്ള പരസ്യങ്ങൾ കണ്ട് എല്ലാംമറന്ന് ബുക്ക് ചെയ്യരുത് എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം പരസ്യങ്ങൾ വരുന്നത്. പരസ്യത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ ഫ്ലിപ് കാര്ട്ട്, ആമസോൺ എന്നിങ്ങനെയുള്ള ഷോപ്പിങ് സൈറ്റുകളാണെന്നാണ് ഒറ്റയടിക്ക് തോന്നുക. ഓഫറുകളുടെ വ്യാജ സൈറ്റുകൾ തിരിച്ചറിയാൻ അവയുടെ വെബ്സൈറ്റ് അഡ്രസ് സൂക്ഷ്മമായി പരിശോധിച്ചാൽ മതിയാകും. ഉപയോക്താക്കൾ ഇത്തരം തട്ടിപ്പിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

