മുദ്രാവാക്യത്തിന്റെ പേരിൽ കേസെടുത്തത് ആർ.എസ്.എസിനെ സഹായിക്കാൻ -പോപ്പുലർ ഫ്രണ്ട്
text_fieldsആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യത്തിന്റെ പേരിൽ കേസെടുത്തത് ആർ.എസ്.എസ്സിനെ സഹായിക്കാനാണെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം. സംഘടന നൽകിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തിൽ വിളിച്ചതായിരിക്കാമെന്നും എന്നാൽ കേസുമായി സഹകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം പറഞ്ഞു. കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങൾക്കെതിരെയല്ലെന്നും ആർ.എസ്.എസിനെതിരാണെന്നും നവാസ് വ്യക്തമാക്കി.
ആലപ്പുഴയിൽ നടന്ന റാലിയിൽ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് പ്രസിഡൻറിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവർ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്.
കണ്ടാലറിയാവുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാണിക്കുന്നത്. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ആർ.എസ്.എസിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ തീവ്ര ഹിന്ദുത്വ, ക്രിസ്ത്യൻ സംഘടന നേതാക്കൾ രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തില്‍ കുട്ടി മുഴക്കിയ മുദ്രാവാക്യം വിവാദമായിരുന്നു.