സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി: പി.പി. ദിവ്യയുടെ പരാതിയിൽ യൂട്യൂബർമാർക്കെതിരെ കേസ്
text_fieldsകണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർമാരായ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, യൂട്യൂബ് ചാനലായ ന്യൂസ് കഫേ ലൈവ് തുടങ്ങിയവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ദിവ്യയുടെ പരാതി. കുടുംബാംഗങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മകളെ കൊല്ലുമെന്ന് പറഞ്ഞ് വിമൽ ഇൻസ്റ്റഗ്രാം പേജിലൂടെ ഭീഷണി മുഴക്കിയെന്നും ന്യൂസ് കഫെ ലൈവ് കുറച്ചുകാലമായി പരമ്പരകളായി അശ്ലീലവും ഭീഷണിയും മുഴക്കി വാർത്തൾ നൽകുകയാണെന്നും പരാതിയിൽ പറയുന്നു.
യാത്രയയപ്പ് യോഗത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ പരസ്യമായി ആക്ഷേപിച്ചതിനു പിന്നാലെയായിരുന്നു നവീൻ ബാബു ആത്മഹത്യ ചെയ്തത്. പിന്നാലെ സാമൂഹമാധ്യമങ്ങളില്‍ ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പ്രതിചേർത്തു. കേസിൽ അറസ്റ്റിലായ പി.പി ദിവ്യക്ക് അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

