മന്ത്രിക്കെതിരെ പ്രതിഷേധം: മെഡി. കോളജിലെ താൽക്കാലിക ജീവനക്കാരെ പ്രതിചേർത്തു
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ ശമ്പള പ്രതിസന്ധി ആരോഗ്യമന്ത്രിയെ അറിയിച്ച ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്കെതിരെ എടുത്ത കേസിൽ തുടർനടപടിയുമായി പൊലീസ്. ആശുപത്രിയിലെ ഇ.സി.ജി ടെക്നീഷ്യൻ സുബിൻ, സ്റ്റാഫ് നഴ്സ് ഗോപകുമാർ എന്നിവരെ കേസിൽ പ്രതിചേർത്തു. ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വിവരങ്ങൾ ശേഖരിച്ചു.
മന്ത്രി ആശുപത്രിയിലെത്തിയപ്പോൾ പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റു ജീവനക്കാരുടെ പേരുകൾ പൊലീസ് ചോദിച്ചെങ്കിലും ഇവർ നൽകിയില്ല. മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.
കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽരാജ് നൽകിയ പരാതിയിൽ ആശുപത്രിയിലെ കണ്ടാലറിയാവുന്ന 20 താൽക്കാലിക ജീവനക്കാരെ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു ജീവനക്കാരെ പ്രതി ചേർത്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 12 നാണ് ഗവ. മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മന്ത്രി വീണ ജോർജ് എത്തിയത്. ഉദ്ഘാടനശേഷം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നിപ അതിജീവിതയെ സന്ദർശിച്ച് മടങ്ങുമ്പോഴാണ് എച്ച്.ഡി.എസിന് കീഴിൽ ജോലി ചെയ്യുന്ന ശുചീകരണ ജീവനക്കാർ ഉൾപ്പെടെ മന്ത്രിയോട് രണ്ടു മാസമായി വേതനം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്.
ജീവനക്കാർ മന്ത്രിയെ കാണുന്നത് സി.പി.എം നേതാക്കൾ ഇടപെട്ട് തടഞ്ഞു. ആശുപത്രി വാർഡിന്റെ വരാന്തയിൽവെച്ചും ജീവനക്കാരുടെ പ്രതിനിധികളായി ചിലർ വേതനം ലഭിക്കാത്ത വിഷമം മന്ത്രിയെ ധരിപ്പിച്ചു. ചിലർ തങ്ങളുടെ അവസ്ഥ കരഞ്ഞു പറഞ്ഞു. മന്ത്രി പോകാൻ ഒരുങ്ങിയതോടെ ജീവനക്കാർ ബഹളംവെച്ചു. ഇതോടെ ജീവനക്കാരെ തടയുന്ന രീതിയിൽ സി.പി.എം പ്രവർത്തകർ രംഗത്തെത്തി. ഇത് കൈയാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചു. ഇതാണ് കേസിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

