ലൈംഗിക പീഡന പരാതിയിൽ സി.പി.എം കുമ്പള മുൻ ഏരിയ സെക്രട്ടറിക്കെതിരെ കേസെടുത്തു
text_fieldsകാസർകോട്: വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.പി.എം കുമ്പള മുൻ ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു.എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂള്‍ അധ്യാപകനുമായ എസ്. സുധാകരനെതിരെ 48കാരിയാണ് പരാതി നൽകിയിരുന്നത്. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം കാസർകോട് വനിതാ പൊലീസാണ് സുധാകരനെതിരെ കേസെടുത്തത്. തനിക്കും കുടുംബത്തിനും വധഭീഷണി ഉള്ളതായും 48കാരി പരാതിയിൽ പറയുന്നു.
പീഡനം സംബന്ധിച്ച് 48കാരി ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് സുധാകരനെ പാർട്ടിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പരാതി അന്വേഷിക്കാനായി സി.പി.എം മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
1995 മുതൽ എസ്. സുധാകരൻ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് വീട്ടമ്മയുടെ പരാതി. കല്യാണം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ലൈംഗിക പീഡനം നടത്തിയത്. പക്ഷേ കല്യാണം കഴിച്ചില്ലെന്നും പിന്നീട് താൻ മറ്റൊരു കല്യാണം കഴിക്കുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ സുധാകരൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ആദ്യ ഭർത്താവ് തന്നെയും കുട്ടികളെയും ഉപേക്ഷിച്ചു പോയി.
ഇതിന് പിന്നാലെ 2009ൽ കോൺഗ്രസ് പ്രവർത്തകൻ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ സുധാകരൻ ജയിലിലായി. ഈ സമയത്ത് തന്റെ രണ്ടാം വിവാഹം കഴിഞ്ഞു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം എസ്. സുധാകരൻ ലോഡ്ജിൽ ഭീഷണിപ്പെടുത്തി കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
നിരന്തരമായ ഉപദ്രവം കാരണമാണ് പൊലീസിൽ പരാതി നൽകിയത്. പരാതി പിൻവലിച്ചില്ലെങ്കിൽ തന്റെ ചിത്രങ്ങളും വിഡിയോകളും യൂട്യൂബിലും സോഷ്യൽമീഡിയയിലും ഇടുമെന്നും തന്നെയും കുടുംബത്തെയും കൊല്ലാൻ പോലും മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

