രോഗിയെ തലകീഴായി കിടത്തിയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്
text_fieldsതൃശൂർ: രോഗിയെ തലകീഴായി ആംബുലൻസിലെ സ്ട്രെച്ചറിൽ കിടത്തിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. ആംബുലൻസ് ഡ്രൈവർ പാലക്കാട് സ്വദേശി ഷരീഫിനെതിരെ മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്. അപകടത്തിൽപ്പെട്ട രോഗി വാഹനത്തിൽ മലമൂത്ര വിസർജനം നടത്തിയതിനാണ് ഡ്രൈവർ സ്ട്രെച്ചറിൽ തലകീഴായി കിടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
വാഹനാപകടത്തെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റയാളെ ചൊവ്വാഴ്ചയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗി മലമൂത്ര വിസർജനം നടത്തിയതിനാൽ ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന അറ്റൻഡർ കയ്യുറ എടുക്കാൻ പോയ സമയത്ത് ഡ്രൈവർ സ്ട്രെച്ചറിന്‍റെ ഒരറ്റം പിടിച്ചു വലിച്ച് താഴേക്കിടുകയായിരുന്നു. മൂന്നു ദിവസം ന്യൂറോ സർജറി ഐ.സി.യുവിൽ വെന്‍റിലേറ്ററിൽ കഴിഞ്ഞ രോഗി ശനിയാഴ്ചയാണ് മരിച്ചത്.
അതേസമയം, പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗിയുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ സഹായിക്കാൻ ആശുപത്രി അറ്റൻഡർമാർ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. മരിച്ച 50കാരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനാൽ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.