ഗർഭസ്ഥശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; യുവാവിനും യുവതിക്കുമെതിരെ കേസ്
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഗർഭസ്ഥശിശുവിനെ ടോയ്‌ലറ്റിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കും കാമുകനും എതിരെ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തിരുവല്ലം സ്വദേശിനിയായ 19 കാരിയും സമീപവാസിയായ 25 കാരനും എതിരെയാണ് കേസ്. ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചതിന് യുവാവിനെതിരേയും ഗർഭഛിദ്രത്തിലൂടെ കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്.
ഞായറാഴ്ച രാത്രി എട്ടോടെയാണ് യുവതി കടുത്ത വയറുവേദനയോടെ എസ്.എ.ടി ആശുപത്രി അത്യാഹിതവിഭാഗത്തിൽ എത്തിയത്. തുടർന്ന് ടോയ്‌ലറ്റിലെ ക്ലോസറ്റിനുള്ളിൽ പ്രസവിക്കുകയും ഗർഭസ്ഥശിശുവിനെ ഉപേക്ഷിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് അബോർഷൻ ഗുളികകൾ അമിതമായി കഴിച്ചിരുന്നെന്നും യുവാവാണ് ഇത് വാങ്ങി നൽകിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. യുവതിയുടെയും യുവാവിന്റെയും വീട്ടുകാരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നു.
ഗർഭിണിയായതോടെ അബോർഷനായി യുവാവ് വാങ്ങി നൽകിയ ഗുളികകൾ ഫലം കാണാതായതോടെ ആശുപത്രിയിലെത്തിയതാകാമെന്നാണ് നിഗമനം. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥർ എത്തിയാണ് ക്ലോസറ്റിനുള്ളിൽ നിന്ന് ഏഴു മാസത്തോളം വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ ശരീരം പുറത്തെടുത്തത്.
പിന്നീട് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

