ജഡ്ജിമാർക്കെന്ന പേരിൽ പണം വാങ്ങിയെന്ന കേസ്: അന്വേഷണ റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsകൊച്ചി: ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് അഭിഭാഷകൻ പണം വാങ്ങിയെന്ന കേസിൽ അന്വേഷണ റിപ്പോർട്ട് തേടി ഹൈകോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നിർദേശം.
പണം വാങ്ങിയതിന് തെളിവില്ലെന്നും അന്വേഷണം തുടരേണ്ടതില്ലെന്നും വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയതായി തിങ്കളാഴ്ച കേസ് പരിഗണിക്കവേ സർക്കാർ കോടതിയെ അറിയിച്ചു. തെളിവില്ലെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്ന് സൈബിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരമൊരു ഇടപെടൽ തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും റിപ്പോർട്ട് പരിശോധിക്കാമെന്നും വ്യക്തമാക്കിയ കോടതി തുടർന്നാണ് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചത്. തുടർന്ന് ഹരജി നവംബർ 20ന് പരിഗണിക്കാൻ മാറ്റി.
ഹൈകോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. കേസിൽ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾകൂടി ഉൾപ്പെടുത്തിയതിനാൽ എഫ്.ഐ.ആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് രജിസ്റ്റർ ചെയ്തത്. സൈബിക്കെതിരെ തെളിവുകളില്ലെന്ന് കണ്ടെത്തി അന്വേഷണ സംഘം കഴിഞ്ഞയാഴ്ചയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

