കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: വ്ലോഗർക്ക് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: കൊല്ലം മാമ്പഴത്തറ റിസർവ് വനത്തിൽ സംഘംചേർന്ന് അതിക്രമിച്ചുകടന്ന് കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വ്ലോഗർ അമല അനുവിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഹെലികാം ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് അനുമതിയില്ലാതെ ഷൂട്ട് ചെയ്തതടക്കം വകുപ്പുകളിലാണ് കേസെടുത്തത്.
ഹെലികാം കണ്ട ആന വിരണ്ടത് പരിഭ്രാന്തി പരത്തിയിരുന്നു. ഈ ദൃശ്യങ്ങളടക്കം അമല സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വനം വകുപ്പ് കേസെടുത്തത്.
മാംസത്തിനോ മറ്റോ ആയി മൃഗങ്ങളെ വേട്ടയാടിയിട്ടില്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നും അന്വേഷണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ കസ്റ്റഡി ആവശ്യമില്ലെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം. അന്വേഷണവുമായി സഹകരിക്കാമെന്നും വ്യക്തമാക്കി. എന്നാൽ, കാട്ടിൽ അന്യായമായി കടന്ന് മൃഗങ്ങൾക്ക് അലോസരമുണ്ടാക്കുന്നതും അവയുമായി ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നത് വേട്ടയാടലിന്റെ പരിധിയിൽ വരുമെന്ന് സർക്കാർ വാദിച്ചു. സംഘാംഗങ്ങളെ കണ്ടെത്താനും ഹെലികാമും മറ്റ് ഉപകരണങ്ങളും ആയുധങ്ങളും കണ്ടെത്താനും ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
എന്നാൽ, മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിലയിരുത്തി ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

