
'മുഖ്യമന്ത്രിയുടെ വാദം കളവ്; സി.എ.എ വിരുദ്ധസമരത്തിന്റെ പേരിൽ കേസെടുത്തത് 519 പേർക്കെതിരെ'
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാർക്കെതിരെ കേസെടുത്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തതും കളവുമാണെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നവർക്കെതിരെ 519 കേസുകളാണ് കേരള പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാണെന്നും സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. യോഗി ആദിത്യനാഥ് മുസ്ലിംകളെ വെടിവെച്ചു കൊന്നുകൊണ്ട് സമരം അടിച്ചമർത്താൻ ശ്രമിച്ചെങ്കിൽ 500ലേറെ കേസുകൾ ചുമത്തിയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ന്യൂനപക്ഷങ്ങളെ നേരിട്ടതെന്നും സംഘടനാ ഭാരവാഹികൾ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാറിെൻറ ന്യൂനപക്ഷവിരുദ്ധ മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി പ്രസിഡൻറ് വിളയോടി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സമദ്, ദേശീയ സെക്രട്ടറി റെനി ഐലിൻ, ട്രഷറർ കെ.പി.ഒ. റഹ്മത്തുല്ല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
