ബാങ്കിൽ സ്ഥാനക്കയറ്റത്തിനായി വ്യാജരേഖ; രണ്ട് മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്
text_fieldsതച്ചനാട്ടുകര (പാലക്കാട്): വ്യാജരേഖ ചമച്ച് ജോലിയിൽ സ്ഥാനക്കയറ്റം നേടിയ സംഭവത്തിൽ മണ്ണാർക്കാട് അരിയൂർ സഹകരണ ബാങ്ക് ജീവനക്കാരായ രണ്ട് മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് ജില്ല പഞ്ചായത്ത് തെങ്കര ഡിവിഷൻ അംഗവുമായ ഗഫൂർ കോൽക്കളത്തിൽ, മുസ്‌ലിം ലീഗ് മണ്ണാർക്കാട് നിയോജക മണ്ഡലം സെക്രട്ടറി അബ്ദുൽ റഷീദ് മുത്തനിൽ എന്നിവർക്കെതിരെയാണ് സഹകരണ വകുപ്പ് അസി. രജിസ്ട്രാറുടെ പരാതിയിൽ നാട്ടുകൽ പൊലീസ് കേസെടുത്തത്.
പ്യൂണായി ജോലിയിൽ പ്രവേശിച്ച ഗഫൂർ കോൽക്കളത്തിലും അബ്ദുൽ റഷീദും ബിഹാറിലെ മഗദ സർവകലാശാലയുടെ ബികോം കോ ഓപറേഷൻ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കി ക്ലർക്കായി പ്രമോഷൻ നേടിയെന്നാണ് കേസ്.
2012 മുതൽ 2014 വരെ ക്ലർക്കായി ജോലി ചെയ്തു. ഇതിനിടെ പ്രബേഷൻ കാലാവധി പൂർത്തിയാക്കും മുമ്പ് ഗഫൂറിന് സീനിയർ ക്ലർക്കായി പ്രമോഷൻ നൽകി. 2014ൽ പരാതി ഉയർന്നതിനെ തുടർന്ന് ഇരുവരുടെയും പ്രമോഷൻ റദ്ദാക്കുകയും അറ്റൻഡർ തസ്തികയിലേക്ക് തരം താഴ്ത്തുകയും ഈ കാലയളവിൽ വാങ്ങിയ അധിക ശമ്പളം തിരിച്ചുപിടിക്കുകയും ചെയ്തു. അബ്ദുൽ റഷീദ് ഇതിനിടെ രണ്ട് വർഷത്തോളം ബാങ്കിൽ നിന്ന് അവധിയെടുത്ത് ജെ.ഡി.സി കോഴ്സ് പൂർത്തിയാക്കി ക്ലർക്ക് തസ്തികയിൽ തുടർന്നു. ഗഫൂർ നിലവിൽ അറ്റൻഡറാണ്.
മുസ്‌ലിം ലീഗ് ആഭിമുഖ്യത്തിലുള്ള സഹകരണ ജീവനക്കാരുടെ സംഘടനയായ സി.ഇ.ഒയുടെ ജില്ല സെക്രട്ടറിയാണ് റഷീദ്. അരിയൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സഹകരണ വകുപ്പ് അസി. രജിസ്ട്രാർ നാട്ടുകൽ പൊലീസിൽ പരാതി നൽകിയത്. മഗദ യൂനിവേഴ്സിറ്റി ഇത്തരമൊരു കോഴ്സ് പഠിപ്പിക്കുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അതേസമയം, ബംഗളൂരുവില്‍ നിന്ന് നേടിയ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയപ്പോള്‍ തന്നെ വിവരം ബാങ്കില്‍ അറിയിച്ചിരുന്നതായും സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പു വരുത്തും വരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കരുതെന്ന് കാണിച്ച് ബാങ്കിന് കത്ത് നല്‍കിയിരുന്നതായും ഗഫൂര്‍ കോല്‍ക്കളത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

