ജാതി അധിക്ഷേപം: തോമസ് കെ. തോമസ് എം.എൽ.എക്കെതിരെ പരാതി നൽകിയ വനിത നേതാവിനെതിരെയും കേസ്
text_fieldsഹരിപ്പാട്: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് തോമസ് കെ. തോമസ് എം.എൽ.എക്കെതിരെ പരാതി നൽകിയ എൻ.സി.പി വനിത നേതാവിനെതിരെ കേസ്. നാഷനലിസ്റ്റ് മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ജിഷക്കെതിരെയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. പരസ്യമായി ആക്ഷേപിച്ചെന്ന എം.എൽ.എയുടെ ഭാര്യ ഷെർളി തോമസിന്റെ പരാതിയിലാണ് നടപടി. ജിഷയുടെ പരാതിയിൽ തോമസ് കെ. തോമസിനും ഭാര്യ ഷെർളി തോമസിനുമെതിരെ നേരത്തേ കേസെടുത്തിരുന്നു.
ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എൻ.സി.പി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്‍പദമായ സംഭവം. യോഗത്തിൽ തോമസ് കെ. തോമസും ഭാര്യയും പങ്കെടുത്തിരുന്നു. ഹരിപ്പാട് മണ്ഡലത്തിലെ നേതാക്കളും യോഗത്തിനെത്തിയിരുന്നു. യോഗത്തിൽ ജിഷയും എം.എൽ.എയുടെ ഭാര്യയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ജിഷയുടെ പരാതിയിൽ തോമസ് കെ. തോമസിനെ ഒന്നാം പ്രതിയായും ഭാര്യ ഷെർളി തോമസിനെ രണ്ടാംപ്രതിയാക്കിയും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ഹരിപ്പാട് പൊലീസ് കേസെടുത്തു.
പാർട്ടി അംഗമല്ലാത്ത ഷെർളി തോമസ് വേദിയിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ ജാതീയമായി അധിക്ഷേപിക്കുകയും എം.എൽ.എ ചുമലിൽ പിടിച്ച് തള്ളിയെന്നുമായിരുന്നു ജിഷയുടെ പരാതി.
പരാതിക്ക് പിന്നിൽ ഗൂഢാലോചന -തോമസ് കെ. തോമസ് എം.എൽ.എ
ആലപ്പുഴ: തനിക്കെതിരെയുള്ള ജാതി അധിക്ഷേപ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് തോമസ് കെ. തോമസ് എം.എൽ.എ. പാർട്ടിയിലെ ഒരു വിഭാഗമാണ് ഇതിനു പിന്നിൽ. പാർട്ടി നേതൃത്വം തന്റെ പരാതികൾ പരിഗണിക്കുന്നില്ല. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഇതിനെ നിയമപരമായി നേരിടും. സത്യം എന്താണെന്ന് പുറത്തുവരണം. ഇക്കാര്യത്തിൽ സംഭവം നടന്ന ഈമാസം ഒമ്പതിന് ആലപ്പുഴ എസ്.പിക്ക് പരാതി നൽകിയിരുന്നു. എം.എൽ.എയുടെ ഭാര്യ കൂടെവരുമ്പോൾ കളിയാക്കുന്നത് ശരിയല്ല. അതിന് പരിധിയുണ്ട്. തറയായി സംസാരിച്ചിട്ട് തിരിച്ചെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

