ബാർക് തട്ടിപ്പിൽ മലയാളം ചാനൽ ഉടമക്കെതിരെ കേസെടുത്തു
text_fieldsകളമശ്ശേരി: ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷക പിന്തുണ കണക്കാക്കുന്ന ബാർക്ക്റേറ്റിങ് മീറ്ററുകളുടെ രഹസ്യ വിവരങ്ങൾ കൈമാറിയതായ പരാതിയിൽ ചാനൽ ഉടമയടക്കം രണ്ടുപേർക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു.
ബാർക്ക് സീനിയർ മാനേജർ പ്രേംനാഥ് ഒന്നാംപ്രതിയായും റിപ്പോർട്ടർ ചാനൽ ഉടമ രണ്ടാംപ്രതിയായുമാണ് പൊലീസ് കേസെടുത്തത്. തൃശൂർ സ്വദേശി എടക്കുളം ചേനമ്പിള്ളി വീട്ടിൽ ഉണ്ണികൃഷ്ണന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബാർക്ക് സീനിയർ മാനേജർ റേറ്റിങ് ഡേറ്റയിൽ തിരിമറി നടത്തി റിപ്പോർട്ടർ ചാനൽ ഉടമക്ക് റേറ്റിങ് മീറ്ററുകളുടെ രഹസ്യവിവരങ്ങൾ കൈമാറുകയായിരുന്നു. ജൂലൈ 14 മുതൽ പരാതിക്കാരന്‍റെ ചാനലിന്‍റെ റേറ്റിങ് കുറച്ചും രണ്ടാംപ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനലിന് റേറ്റിങ് ഉയർത്തിയും കാണിച്ചു.
ഇതിലൂടെ പരസ്യം നഷ്ടമായെന്നും ചാനലിന് 15 കോടി രൂപയോളം നഷ്ടമുണ്ടായെന്നുമാണ് പരാതി. ചാനൽ റേറ്റിങ് ഉയർത്തിക്കാണിക്കാൻ ബാർക് ഉദ്യോഗസ്ഥന് 100 കോടി രൂപ കൈക്കൂലി നൽകിയെന്ന് കാണിച്ച് കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്‍റ് ആർ. ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രിക്കും ബാർക്ക് സി.ഇ.ഒക്കും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൊലീസിന്‍റെ സൈബർ വിഭാഗം കേസിൽ പ്രാഥമികാന്വേഷണം തുടങ്ങി.
റേറ്റിങ്ങിൽ വൻ തട്ടിപ്പ് നടക്കുന്നതായി ചൂണ്ടിക്കാട്ടി മീഡിയവൺ ചാനൽ നേരത്തെ ബാർക്കിൽനിന്ന് പിന്മാറിയിരുന്നു.
കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും ബാർക്ക് ജീവനക്കാരനായ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തിയെന്നാണ് ട്വന്റി ഫോർ ന്യൂസ് ചാനൽ മേധാവി കൂടിയായ ശ്രീകണ്ഠൻ നായരുടെ പരാതി. ക്രിപ്റ്റോ കറൻസി വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തതത്രെ. ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ആരോപണവിധേയനായ ചാനൽ ഉടമയും തമ്മിൽ നടന്ന വാട്സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോർ ചാനൽ പുറത്തുവിട്ടു.
ഇതോടൊപ്പം യൂട്യൂബ് വ്യൂവർഷിപ്പിൽ തട്ടിപ്പു നടത്താൻ ഫോൺ ഫാമിങ് എന്ന സാങ്കേതിക വിദ്യയും ആരോപണവിധേയനായ ചാനൽ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോർ ആരോപിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിങ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിങ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കിയതത്രെ.
ബാർക്ക് കണക്കുകളെ കുറിച്ച് മീഡിയവൺ ഉന്നയിച്ച സംശയങ്ങൾക്ക് വിശ്വാസ്യയോഗ്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്നായിരുന്നു ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജൻസിയായ ബാർക്കുമായുള്ള ബന്ധം മീഡിയവൺ വിച്ഛേദിച്ചത്. മീഡിയവണിന്റെ ഉയർന്ന പ്രേക്ഷക പിന്തുണ റേറ്റിങ്ങിൽ പ്രതിഫലിക്കാത്തത് കൃത്യമായി വിശദീകരിക്കാൻ ബാർക്ക് അധികൃതർക്കായില്ല. ബാർക്കിന്റെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതോടെയാണ് പിന്മാറാൻ മീഡിയവൺ തീരുമാനിച്ചത്.
റേറ്റിങ് കണക്കാനെടുക്കുന്ന തീരെ ചെറിയ സാംപിൾ സൈസും മീറ്ററുകളുടെ അശാസ്ത്രീയ വിന്യാസവുമാണ് ബാർക്കിന്റെ പ്രധാന പ്രശ്നം. ആകെയുള്ള 86 ലക്ഷം ടിവികളിൽ ബാർക്ക് മീറ്ററുള്ളത് വെറും 1500ൽ താഴെ മാത്രം ഇടങ്ങളിൽ. അതുപോലും കേരളത്തിലെ എല്ലാ പ്രദേശങ്ങളെയോ ജനവിഭാഗങ്ങളെയോ ആനുപാതികമായി ഉൾക്കൊള്ളുന്ന തരത്തിലല്ല.മാത്രമല്ല, ഈ മീറ്ററുകൾ പുറമേനിന്ന് നിയന്ത്രിക്കാനും കൃത്രിമം കാണിക്കാനും കഴിയുമെന്ന ആരോപണമുണ്ട്.
കോടികൾ വാരിയെറിഞ്ഞ് ലാന്‍ഡിങ് പേജ് സെറ്റ് ചെയ്യുന്നത് മറ്റൊരു പ്രശ്നം. ബാർക്കിന്റെ കണക്കുകൾ അപ്പാടെ നിരാകരിക്കുന്നതാണ് ഓരോ ആഴ്ചയിലെയും ഡിജിറ്റൽ വഴിയുള്ള വ്യൂവർഷിപ്പ്. മലയാള ചാനലുകളുടെ ലൈവ് യൂട്യൂബ് കാഴ്ചക്കാരിലും നോണ്‍ ലൈവ് കാഴ്ചക്കാരിലും എപ്പോഴും മുൻനിരയിലാണ് മീഡിയവൺ. കഴിഞ്ഞയാഴ്ചയിൽ മാത്രം ആകെ മൂന്ന് കോടി അറുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം കാഴ്ചക്കാർ. എന്നാൽ ബാർക്കിന്റെ പട്ടികയിൽ ഇതിന്റെ അടുത്തുപോലും വരുന്ന സ്ഥാനമില്ല. ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ ബോധ്യം വരുന്ന ഈ അപാകം പരിഹരിക്കാൻ ബാർക്ക് തയ്യാറാകുന്നുമില്ല. ഈ സാഹചര്യത്തിലാണ് ബാർക്കുമായി ബന്ധം വിച്ഛേദിക്കാൻ മീഡിയവൺ തീരുമാനിച്ചതെന്ന് എഡിറ്റർ പ്രമോദ് രാമൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
‘ഡിജിറ്റലിൽ ഞങ്ങൾ ഒന്നാം സ്ഥാനത്തായിരിക്കുമ്പോൾ ബാർക്കിൽ പത്താം സ്ഥാനത്തായിരിക്കുന്ന പരിപാടിയുടെ പേരാണ് വഞ്ചന, തട്ടിപ്പ്, അക്രമം, നെറികേട്. പ്രേക്ഷകരുടെ തെരഞ്ഞെടുപ്പിനെ അതീവരഹസ്യമായി നിഗൂഢമായി അട്ടിമറിക്കുന്ന പരിപാടിയാണ് ബാർക്ക്. ആ റേറ്റിങ് വെച്ചിട്ടാണ് കേരളത്തിൽ നാലായിരം മുതൽ അയ്യായിരം കോടിരൂപയുടെ ബിസിനസ് നടക്കുന്നത്. ആരൊക്കെയാണ് കബളിക്കപ്പെടുന്നത്. മീഡിയവണിന് പതിനൊന്ന് വർഷം നീണ്ട അതിന്റെ പ്രവർത്തന ചരിത്രത്തിലൂടെ കൈവന്നിട്ടുള്ള അതിശക്തമായ പ്രേക്ഷകപിന്തുണയും വിശ്വാസ്യതയും ഉണ്ട്.
ബാർക്കിന്റെ ചാർട്ട്കാണിച്ചാൽ പൊട്ടിപ്പോകുന്നതല്ല ഈ ചാനലും അതിന്റെ പ്രേക്ഷകരും തമ്മിലുള്ള മാധ്യമപ്രവർത്തനത്തിലെ നേരും നന്മയും മുൻനിർത്തിയുള്ള ഉടമ്പടി. അതിനേക്കാൾ വിലമതിക്കുന്നതല്ല ഏത് ഏജൻസിയുടെയും റേറ്റിങ്ങ് ചാർട്ട്. ബാർക്കിന്റെ കണക്കെടുപ്പിലെ അപാകങ്ങളെക്കുറിച്ചുള്ള പരാതികൾ അതേ പ്ലാറ്റ്ഫോമിൽ നേരിട്ടും ഇ-മെയിൽ വഴിയും മീഡിയവൺ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും ഗുണകരമായ മാറ്റം ഉണ്ടാകുന്ന തരത്തിലുള്ള നടപടി ബാർക്കിൽ നിന്നുണ്ടായിട്ടില്ല’ -പ്രമോദ് രാമൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

