നഖം വെട്ടാതെ ഡ്രൈവിങ് ടെസ്റ്റിനെത്തിയതിന് സ്ത്രീയോട് മോശം സംസാരം: എം.വി.ഐക്കെതിരായ കേസ് റദ്ദാക്കി
text_fieldsകൊച്ചി: നഖം വെട്ടാതെ ഡ്രൈവിങ് ടെസ്റ്റിന് എത്തിയതിന്റെ പേരിൽ മോശമായി സംസാരിച്ചെന്ന സ്ത്രീയുടെ പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരായ (എം.വി.ഐ) കേസ് ഹൈകോടതി റദ്ദാക്കി. ഓടുന്ന വാഹനത്തിൽ നടന്ന സംഭവം പൊതുസ്ഥലത്തെ അശ്ലീലപ്രയോഗമായി കണക്കാക്കാനാകില്ലെന്നും സാന്ദർഭികമായി ഉപയോഗിച്ച മോശം വാക്കുകൾ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമാകില്ലെന്നും വ്യക്തമാക്കിയാണ് പ്രതിയായ നെടുമങ്ങാട് എം.വി.ഐ എം. അനസ് മുഹമ്മദിനെ ജസ്റ്റിസ് ജി. ഗിരീഷ് കുറ്റവിമുക്തനാക്കിയത്. അനസിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസും നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലെ തുടർനടപടികളും റദ്ദാക്കി.
2022 ഒക്ടോബർ 14ന് കാറിൽ റോഡ് ടെസ്റ്റ് നടത്തുന്നതിനിടെ നഖം നീട്ടിവളർത്തിയിരിക്കുന്നതുകണ്ട് തന്നെ ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചെന്നായിരുന്നു സ്ത്രീയുടെ പരാതി. സ്ത്രീകൾ പലരും കുളിക്കാതെയും പല്ലുതേക്കാതെയും നഖം വെട്ടാതെയും ടെസ്റ്റിന് വരുന്നു എന്നൊക്കെ അധിക്ഷേപിച്ചതെന്നായിരുന്നു ആരോപണം. തുടർന്ന് പൊതുസ്ഥലത്ത് അശ്ലീലപരാമർശങ്ങൾ നടത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബാധകമായ വകുപ്പുകൾ പ്രകാരം കേസെടുത്താണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി വിചാരണ കോടതി തള്ളിയതിനെത്തുടർന്നാണ് അഡ്വ. എ. രാജസിംഹൻ മുഖേന അനസ് ഹൈകോടതിയെ സമീപിച്ചത്.
ഹരജിക്കാരന്‍റെ ഭാഗത്തുനിന്നുണ്ടായത് വെറുപ്പുളവാക്കുന്ന വാക്കുകളാണെങ്കിലും പരാതിക്കാരിയെ അവഹേളിക്കാൻ കരുതിക്കൂട്ടി ചെയ്തതാണെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മോശം ഭാഷാപ്രയോഗം സ്ത്രീത്വത്തെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തുന്നതല്ലെങ്കിൽ കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പരാമർശങ്ങൾ വാഹനത്തിൽവെച്ച് നടത്തിയതിനാൽ പൊതുജനത്തെ ദുഷിപ്പിക്കുന്ന നടപടിയാകില്ല. പരാതിക്കാരി ആരോപിക്കുന്ന പരാമർശങ്ങൾ ലൈംഗികച്ചുവയുള്ളതല്ലെന്ന് വിലയിരുത്തിയ കോടതി, തുടർന്ന് കേസ് റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

