‘യൂത്ത് ലീഗിനെതിരെ കേസ്: ബിജെപിക്കെതിരെയും കേസെടുക്കണം, എറണാകുളത്ത് തെറ്റും മലപ്പുറത്ത് ശരിയും ആവരുതല്ലോ’ -പ്രതികരണവുമായി അണികൾ
text_fields1. ബിജെ.പി കണ്ണൂരിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ പദയാത്ര 2. മലപ്പുറത്ത് നടത്തിയ പദയാത്ര 3. തൃശൂരിൽ നടത്തിയ പദയാത്ര
കൊച്ചി: മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ റാലിക്കിടെ കൊച്ചിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിന് കേസെടുത്തത് ചർച്ചയാകുന്നു. സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങൾ, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എം.എൽഎ ഉൾപ്പെടെ കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെയാണ് കേസ്. എന്നാൽ, സമാനരീതിയിൽ ബി.ജെ.പി നടത്തിയ മാർച്ചിനെതിരെ കേസെടുക്കണമെന്നാണ് യൂത്ത് ലീഗ് പ്രവർത്തകരുടെ ആവശ്യം.
‘രണ്ട് ദിവസം മുമ്പ് മലപ്പുറത്ത് നടന്ന ബിജെപിയുടെ പ്രകടനത്തിന്റെ ചിത്രമാണിത്. ബിജെപി നേതാവ് ശങ്കു ടി ദാസ് അദ്ദേഹത്തിന്റെ ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. പൊതുജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് എറണാകുളത്ത് തെറ്റും മലപ്പുറത്ത് ശരിയും ആവരുതല്ലോ... എറണാകുളത്ത് യൂത്ത് ലീഗിന്റെ റാലി കാരണം റോഡ് ബ്ലോക്ക് ആയത് തെറ്റാണെങ്കിൽ മലപ്പുറത്ത് ബിജെപി ഉണ്ടാക്കിയ ബ്ലോക്കും തെറ്റ് തന്നെയാവണം. എറണാകുളത്ത് യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കേസ് എടുത്തെങ്കിൽ മലപ്പുറത്ത് ബിജെപി നേതാക്കൾക്കെതിരെയും കേസുണ്ടാവണം. അതാണല്ലോ ജനാധിപത്യം’ -സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പിൽ ചോദിക്കുന്നു. ഇതിനൊപ്പം ബി.ജെ.പി പ്രകടനത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
പൊലീസ് അനുമതിയോടെ ബോൾഗാട്ടി ജംഗ്ഷൻ മുതൽ മറൈൻ ഡ്രൈവ് വരെയായിരുന്നു യൂത്ത് ലീഗിന്റെ റാലി. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ റാലി ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. പൊലീസ് നിർദേശങ്ങൾ ലംഘിച്ച് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനാണ് മുനവറലി ശിഹാബ് തങ്ങൾ , പി കെ ഫിറോസ് അടക്കമുള്ള നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെ കേസെടുത്തത്. റോഡിൽ കുരുങ്ങിയ വാഹനങ്ങളിലെ യാത്രക്കാരും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു.
മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കൊച്ചിയിൽ നടത്തിയ റാലി
അതേസമയം, റൂട്ട് മാറ്റി ഗതാഗത കുരുക്കിന്റെ വ്യാപ്തി കുറച്ച യൂത്ത് ലീഗ് നടപടി അഭിനന്ദനാർഹമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുറച്ച് സമയത്തേക്കല്ലേ ഗതാഗത തടസ്സം ഉണ്ടായുള്ളു എന്നും കലൂരിലായിരുന്നേൽ എന്താകും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. കേസെടുത്തത് കാര്യമാക്കേണ്ടതില്ലെന്നും റാലിയുടെ ഉദ്ദേശ ശുദ്ധിയാണ് പ്രധാനമെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

