ജോലിക്ക് പോകാൻ മടി; അച്ഛനെ തെരുവുനായ കടിച്ചെന്ന് കഥ മെനഞ്ഞയാൾക്കെതിരെ കേസ്
text_fieldsപുതുക്കാട് (തൃശൂര്‍): ജോലിക്ക് പോകാൻ മടിയായപ്പോൾ അവധിയൊപ്പിക്കാൻ യുവാവ് മെനഞ്ഞ കഥ അവസാനം കേസായി. നാട് നായപ്പേടിയിൽ കഴിയുന്നതിനാൽ തൃശൂർ വരന്തരപ്പിള്ളി സ്വദേശിയുടെ മനസ്സിൽ ആദ്യമെത്തിയ ഉപായം തന്നെ നായയുമായി ബന്ധപ്പെട്ടതായിരുന്നു. അച്ഛനെ തെരുവുനായ കടിച്ചെന്നും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും പുതുക്കാട്ടുള്ള തൊഴിലുടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവമെന്നൊക്കെ പറഞ്ഞ് അവധി സംഘടിപ്പിച്ചു. വീട്ടില്‍ വഴക്കിട്ടതിനെത്തുടര്‍ന്ന് പണിക്കുപോകാതിരിക്കാനായിരുന്നു കഥ മെനഞ്ഞത്. എന്നാൽ, സംഭവം നാട്ടില്‍ പരന്നതോടെ പണി പാളി. ഇതറിഞ്ഞ് വിളിച്ച പ്രാദേശിക ചാനല്‍ പ്രതിനിധികളോടും ഇയാള്‍ 'സംഭവം' വിശദീകരിച്ചു. തുടര്‍ന്ന് ചാനലുകളില്‍ ഫ്ലാഷ്ന്യൂസായി വാര്‍ത്ത പരന്നു.
ഇതുകണ്ട് വിവരം തിരക്കിയ നാട്ടുകാരോടും ബന്ധുക്കളോടും മകന്‍ കഥ ആവര്‍ത്തിച്ചു. പഞ്ചായത്ത് അധികൃതരും മാധ്യമപ്രവര്‍ത്തകരും വീട്ടിലെത്തിയപ്പോള്‍ ഒന്നുമറിയാതെ ഇരിക്കുകയായിരുന്നു 'കടിയേറ്റ' അച്ഛന്‍. അപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്. ഒരുമാസം മുമ്പ് അച്ഛന് തെരുവുനായയുടെ കടിയേറ്റിരുന്നു. അത് തിങ്കളാഴ്ച നടന്നു എന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കി.