തിരുവനന്തപുരം: മേപ്പയൂര്‍ സ്വദേശിയായ സായി ശ്വേത എന്ന അധ്യാപികക്കെതിരെ സമൂഹമാധ്യമത്തില്‍ അപമാനകരമായ പ്രചാരണം നടത്തിയ സംഭവത്തിൽ അഭിഭാഷകന് ശ്രീജിത്ത് പെരുമനക്കെതിരെ കേരള വനിത കമീഷന് കേസെടുത്തു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്.പിയോട് കമീഷന് ആവശ്യപ്പെട്ടു.
സിനിമയില്‍ അഭിനയിക്കാന്‍ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും അധ്യാപികക്കെതിരെ ഫേസ്ബുക്കിലൂടെ പ്രസ്താവനകള്‍ നടത്തിയ ശ്രീജിത്തിെൻറ നടപടി സ്ത്രീപദവിയെ ബോധപൂര്‍വം ഇകഴ്ത്തുന്നതാണെന്ന് കമീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് പറഞ്ഞു.
എന്നാൽ അധ്യാപികയെ അപമാനിച്ചിട്ടില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ റെക്കോർഡിങ്ങും ശ്രീജിത്ത് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു.