പട്ടിൽ പൊതിഞ്ഞ് അവതരിപ്പിച്ചത് സ്ഥിരം വിവാദ സ്ഥാപനം; ഒയാസിസിനെതിരെ അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും കേസ്
text_fieldsഎലപ്പുള്ളിയിൽ ബ്രൂവറി വരുന്ന സ്ഥലത്ത് എലപ്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ വി.കെ ശ്രീകൺഠൻ എം.പി കൊടി കുത്തുന്നു
തിരുവനന്തപുരം: പാലക്കാട്ടെ എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാൻ അനുമതി ലഭിച്ച ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും കേസ്. സ്ഥിരം വിവാദ സ്ഥാപനമായ ഒയാസിസ് ഗ്രൂപ്പിനെയാണ് മന്ത്രിയും എക്സൈസ് കമീഷണറും രാജ്യത്തെ മികച്ച സ്ഥാപനമെന്ന് വിശേഷിപ്പിച്ചത്. പഞ്ചാബിലെ ശിരോമണി അകാലിദള്‍ നേതാവും ഫരീദ്കോട്ട് മുന്‍ എം.എൽ.എയുമായ ദീപ് മല്‍ഹോത്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്.
1987ൽ ദീപ് മല്‍ഹോത്രയുടെ പിതാവ് ഓം പ്രകാശ് മല്‍ഹോത്ര ആരംഭിച്ച ഒയാസിസ് ഗ്രൂപ് രാജ്യത്തെ വലിയ മദ്യനിർമാണക്കമ്പനികളിലൊന്നാണ്. ഇദ്ദേഹത്തിന്റെ മകനും ഡയറക്ടറുമായ ഗൗതം മല്‍ഹോത്രയെ ഡല്‍ഹി മദ്യ അഴിമതിയുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും പേരില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലും പഞ്ചാബിലും തട്ടിപ്പും അഴിമതിയും നടത്തിയതിന്റെ പേരില്‍ കമ്പനി അന്വേഷണവും നേരിടുന്നു.
ഇ.ഡി, ആദായ നികുതി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍, ഒയാസിസ് ഗ്രൂപ്പിന്റെ ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞവര്‍ഷം റെയ്ഡ് നടത്തിയിരുന്നു. നിരവധി സാമ്പത്തിക ക്രമക്കേടുകളാണ് അന്ന് കണ്ടെത്തിയത്. ഇതിനുപുറമെ, ഇവരുടെ ഫിറോസ്പൂർ മന്സൂര്വാലയിലെ മാല്‍ബ്രോ മദ്യ ഉല്പാദന യൂനിറ്റ് പഞ്ചാബ് സര്‍ക്കാര്‍ പൂട്ടിച്ചിരുന്നു.
കുഴൽക്കിണറുകളിലൂടെ വ്യവസായിക മാലിന്യം തള്ളി ഭൂഗർഭജലം മലിനമാക്കിയതിന്റെ പേരിലായിരുന്നു നടപടി. നാല് കിലോമീറ്റര്‍ ചുറ്റളവിലെ ഉപരിതല ജലവും ഭൂഗര്‍ഭജലവുമാണ് മലിനമാക്കിയത്. ഇതിനെതിരെ ജനങ്ങള്‍ ആറുമാസം നടത്തിയ സമരത്തിനൊടുവിലാണ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഈ വിഷയം പാര്‍ലമെന്റിലെത്തിയപ്പോൾ കേന്ദ്ര മലിനീകരണ ബോര്‍ഡും കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡും പ്രദേശം സന്ദര്‍ശിച്ച് ഗുരുതര നിയമലംഘനം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്കെതിരെ നൽകിയ പരാതിയിലും കേസുണ്ട്.
ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ ഡിസ്റ്റിലറീസും മറ്റ് അനുബന്ധ വ്യവസായ സ്ഥാപനങ്ങളും ഈ ഗ്രൂപ്പിനുണ്ട്. പ്രതിവര്‍ഷം 20 കോടി ലിറ്റര്‍ മദ്യം ഉല്പാദിപ്പിക്കുന്ന രാജ്യത്തെ വമ്പന്‍ കമ്പനികളിലൊന്നാണ് ഒയാസിസ് ഗ്രൂപ്. ഒയാസിസ് ഗ്രൂപ്പുമായി ചേര്‍ന്ന് 2021-22 കാലത്ത് നടത്തിയ മദ്യ ഇടപാടിലെ അഴിമതിയുടെ പേരില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ ജയിലില്‍ കിടന്നിരുന്നു.
കുടിവെള്ളം ക്ഷാമം നേരിടുന്ന കഞ്ചിക്കോട്ട് പാരിസ്ഥിതിക പഠനമോ അന്വേഷണമോ നടത്താതെയാണ് സര്‍ക്കാര്‍ ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയത്. രണ്ട് പതിറ്റാണ്ടുമുമ്പ് കൊക്കക്കോള കമ്പനിയുടെ ജലചൂഷണത്തിനെതിരെ സമരം നടത്തി കമ്പനിയെ നാടുകടത്തിയതും പാലക്കാടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

