Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫെയർനെസ് ക്രീം കമ്പനിക്കെതിരെ കേസ്​; ‘കുറച്ചുകൂടി കഴിഞ്ഞിരുന്നെങ്കിൽ വൃക്ക തന്നെ നഷ്ടപ്പെട്ടേനേ’

text_fields
bookmark_border
‘എഫ്ട്യൂൺ’ സാമ്പ്ൾ പരിശോധനക്ക് അയക്കുമെന്ന് പൊലീസ്
ഫെയർനെസ് ക്രീം കമ്പനിക്കെതിരെ കേസ്​; ‘കുറച്ചുകൂടി കഴിഞ്ഞിരുന്നെങ്കിൽ വൃക്ക തന്നെ നഷ്ടപ്പെട്ടേനേ’
cancel

മലപ്പുറം: മലപ്പുറത്ത് അമിത അളവിൽ മെർക്കുറിയടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച 17കാരിയുടെ വൃക്ക തകരാറിലായ സംഭവത്തിൽ എഫ്ട്യൂൺ ഫെയർനെസ് ക്രീം കമ്പനിക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തു. ഞായറാഴ്ച പെൺകുട്ടി സ്റ്റേഷനിലെത്തി മൊഴി നൽകുകയും ക്രീമിന്റെ സാമ്പ്ൾ കൈമാറുകയും ചെയ്തിരുന്നു. ക്രീമിന്റെ സാമ്പ്ൾ വിശദ പരിശോധനക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

ഫെയർനെസ് ക്രീം ഉപയോഗിച്ചതിനാലാണ് തനിക്ക് വൃക്കരോഗം ബാധിച്ചതെന്നും ക്രീമിൽ മെര്‍ക്കുറിയടങ്ങിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. എഫ്ട്യൂൺ കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കും.

തന്റെ ക്ലാസിലെ നിരവധി കുട്ടികൾ ക്രീം ഉപയോഗിക്കുന്നുണ്ട്. പ്രോട്ടീൻ മൂത്രത്തിലൂടെ പോകാൻ തുടങ്ങിയപ്പോഴാണ് താനിത് ഗൗരവത്തിലെടുത്തത്. ഇത് ഉപയോഗിക്കുന്ന പലരും ക്ഷീണം നേരിടുന്നുണ്ടെന്നാണ് പറയുന്നത്. ആദ്യഘട്ടമായതിനാലാണ് തനിക്ക് ഈ അവസ്ഥയിലെങ്കിലും രക്ഷപ്പെടാനായത്. കുറച്ചുകൂടി കഴിഞ്ഞിരുന്നെങ്കിൽ വൃക്ക തന്നെ നഷ്ടപ്പെട്ടേനേ. തന്റെ ചർമം ഇതിനോടകം തകരാറിലായി. ഇനിയത് തിരിച്ചുപിടിക്കാൻ വിദഗ്ധ ചികിത്സ വേണം. സംഭവം വിവാദമായതിന് പിന്നാലെ കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജ് കാണാനില്ലെന്നും പെൺകുട്ടി പറഞ്ഞു.

വിൽപന നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപന തടയാൻ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി ആരോഗ്യ വകുപ്പ്. വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. നിയമവിരുദ്ധ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുകയും ചെയ്യും. ഫേസ് ഷീറ്റുകൾ, ഫെയർനെസ് ഉൽപന്നങ്ങൾ, ചർമത്തിന്റെ നിറവും സൗന്ദര്യവും വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ വിപണനം പ്രത്യേകം പരിശോധിക്കും.

മംഗലാപുരം-കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും ആരോഗ്യ ഉൽപന്നങ്ങളും ഓൺലൈൻ വഴി എത്തിച്ച് വിൽക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം ഉൽപന്നങ്ങളുടെ ഉറവിടം, ഗുണനിലവാരം, സുരക്ഷിതത്വം എന്നിവ സംബന്ധിച്ച് ഗുരുതര ആശങ്കകളുണ്ട്. ചില ഉൽപന്നങ്ങളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, കാലാവധി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ല. വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ത്വക്ക് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ചില ഉൽപന്നങ്ങൾ കാരണമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

ചേരുവകളും ആരോഗ്യ പ്രത്യാഘാതങ്ങളും സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മതിയായ വിവരങ്ങൾ ലഭിക്കുന്നില്ല. സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമേ പേശീബലം വർധിപ്പിക്കാനും ശരീരത്തിന്റെ കരുത്തും ശാരീരിക ഉത്തേജനവും കൂട്ടാനുമെന്ന പേരിൽ ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ തുടങ്ങിയവ ശാസ്ത്രീയ തെളിവുകളില്ലാത്ത അവകാശവാദങ്ങൾ പരസ്യം ചെയ്ത് വിൽക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.

വ്ലോഗർമാർക്കും പിടിവീഴും

തിരുവനന്തപുരം: ‘ബെളുത്ത്ട്ട് പാറാൻ’ ഈ ക്രീം തേക്കൂ എന്ന, സോഷ്യൽ മീഡിയയിലെ ഫെയർനെസ് ക്രീം പ്രമോഷൻ ഓർമയില്ലേ ? ഇതുപോലെ അംഗീകാരമില്ലാത്ത ഉൽപന്നങ്ങൾ പ്രചരിപ്പിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർമാർക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം വ്ലോഗർമാരെ നിരീക്ഷിക്കാനും പണം വാങ്ങിയുള്ള പ്രചാരണത്തിന്റെ പേരിൽ ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനുമാണ് ആരോഗ്യവകുപ്പ് നിർദേശം.

ഉൽപന്നങ്ങളുടെ പരസ്യവും വിൽപനയും മാത്രമല്ല, അവയുടെ വിതരണശൃംഖലയും ഉറവിടവും പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. അംഗീകൃത ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കാവൂ. ആകർഷക പരസ്യങ്ങൾക്കും പെട്ടെന്ന് ഫലം ലഭിക്കുമെന്ന വാഗ്ദാനങ്ങൾക്കും പിന്നാലെ പോകാതെ ഉൽപന്നങ്ങളുടെ അംഗീകാരം, നിർമാതാവിന്റെ വിവരങ്ങൾ, ഗുണനിലവാരം എന്നിവ ഉറപ്പാക്കണമെന്നും മന്ത്രി കെ. മുരളീധരൻ ജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Case against fairness cream company over kidney damage
Next Story