Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.പി. ജയരാജനെതിരായ...

ഇ.പി. ജയരാജനെതിരായ കേസ്: പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; ‘ഷുഹൈബിന്റെ ഗതിവരും’

text_fields
bookmark_border
ഇ.പി. ജയരാജനെതിരായ കേസ്: പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; ‘ഷുഹൈബിന്റെ ഗതിവരും’
cancel

തിരുവനന്തപുരം: ഇ.പി. ജയരാജനെ വിമാനത്തിൽച്ച് ആക്രമിക്കാൻ ശ്രമിച്ച കേസിലെ പരാതിക്കാരനും യൂത്ത് കോൺഗ്രസ് നേതാവുമായ ഫർസീൻ മജീദിന് വധഭീഷണി. സംഭവത്തിൽ ഫർസീൻ മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രിക്കും പരാതി നൽകി.

രണ്ട് വ്യത്യസ്ത ഫോൺ നമ്പറുകളിൽനിന്നാണ് തനിക്ക് വധഭീഷണി സന്ദേശങ്ങൾ ലഭിച്ചതെന്ന് ഫർസീൻ പറഞ്ഞു. ‘ഞങ്ങളാണ് അന്ന് ഭരണത്തിലുണ്ടായിരുന്നത്, അതുകൊണ്ടാണ് അന്ന് നിന്നെ കൊല്ലാൻ കഴിയാതിരുന്നത്. ഇപ്പോൾ ഭരണത്തിലില്ലാത്തതിനാൽ നിഷ്പ്രയാസം ജീവനെടുക്കാൻ സാധിക്കും. സി.പി.എമ്മുകാർ കൊലപ്പെടുത്തിയ ഷുഹൈബിന്റെ അവസ്ഥയായിരിക്കും നിനക്കും ഉണ്ടാവുക’ എന്നിങ്ങനെയാണ് ഫോണിലൂടെ ഭീഷണി മുഴക്കിയത്.

യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതി ആഭ്യന്തരമന്ത്രിയുടെ ഓഫിസ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ ഫർസീന്റെ മൊഴി അന്വേഷണസംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

അതേസമയം, ഇ.പി. ജയരാജനെതിരായ കേസ് എഴുതിത്തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പൊലീസിന്റെ റിപ്പോർട്ട് കോടതി തള്ളുകയും, യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയുമായിരുന്നു.

2022 ജൂണിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധവും തുടർന്നുണ്ടായ നിയമനടപടികളും കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ ഒന്നാണ്. ഇൻഡിഗോ വിമാനത്തിൽ, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും ആർ.കെ. നവീൻകുമാറും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഈ സമയം വിമാനത്തിലുണ്ടായിരുന്ന ഇ.പി. ജയരാജൻ പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുകയും തള്ളിയിടുകയും ചെയ്തു. സംഭവത്തെത്തുടർന്ന്, വിമാനത്തിലെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഇൻഡിഗോ എയർലൈൻസിന്റെ ആഭ്യന്തര അന്വേഷണ സമിതി ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഈ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഇ.പി. ജയരാജൻ പിന്നീട് ഇൻഡിഗോ വിമാനങ്ങളെ ബഹിഷ്കരിച്ചിരുന്നു. താനും കുടുംബവും ഇനി ഈ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ഈ നിലപാടിൽ നിന്ന് മാറുകയും വീണ്ടും ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുകയും ചെയ്തു.

സംഭവത്തിൽ ഇ.പി. ജയരാജനെതിരെ നൽകിയ പരാതിയിൽ, അദ്ദേഹത്തിനെതിരായ കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. വിമാനത്തിനകത്ത് നടന്നത് പ്രതിഷേധമായിരുന്നില്ലെന്നും ‘ഭീകരപ്രവർത്തന’ മായിരുന്നുവെന്നുമാണ് ഇ.പി. ജയരാജൻ ഇപ്പോഴും വാദിക്കുന്നത്. ഈ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും പ്രതിപ്പട്ടികയിലുണ്ട്.

ഇ.പി. ജയരാജന്റെ പരാതിയിൽ വലിയതുറ പൊലീസ് ഫർസീൻ മജീദ്, നവീൻകുമാർ, സുധീപ് ജയിംസ് എന്നിവർക്കെതിരെയും, പിന്നീട് കെ.എസ്. ശബരീനാഥനെതിരെയും വധശ്രമത്തിന് കേസെടുത്തു. അതേസമയം, തങ്ങളെ വിമാനത്തിൽ ഇ.പി. ജയരാജൻ ആക്രമിച്ചു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പരാതി നൽകി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, തെളിവുകളില്ലെന്ന് കാണിച്ച് ഇ.പി. ജയരാജനെതിരെ കേസെടുക്കാനാവില്ല എന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

എന്നാൽ, ഇ.പി. ജയരാജനെതിരായ കേസ് എഴുതിത്തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. പൊലീസിന്റെ റിപ്പോർട്ട് തള്ളിയ കോടതി, സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് ഈ സംഭവത്തിൽ തുടരന്വേഷണം നടത്താൻ വലിയതുറ എസ്.എച്ച്.ഒക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിനെതിരെയും അന്വേഷണം നടത്താൻ ഉത്തരവുണ്ട്.

ഈ സംഭവവുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanDeath ThreatYouth CongressFarseen Majeed
News Summary - Case against E.P. Jayarajan: Youth Congress leader complainant receives death threat; 'You’ll meet Shuhaib’s fate'
Next Story