ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ്; ഇ.ഡിക്കെതിരെ കേസെടുത്തു
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ബിനീഷിൻെറ കുടുംബത്തിൻെറ പരാതിയിലാണ് കേസ്. കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തിയെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. തിരുവനന്തപുരം പൊലീസ് കമ്മീഷണറോടാണ് കേസിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്.
ബിനീഷ് കോടിയേരിയുടെ വീട്ടിൽ ബാലാവകാശ കമ്മീഷനും വ്യാഴാഴ്ച എത്തിയിരുന്നു. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്‍റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽ വെച്ചുവെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമീഷനെത്തിയത്. ബാലാവകാശ കമ്മീഷൻ രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് ബിനീഷിന്‍റെ ഭാര്യയെയും അമ്മയേയും കുഞ്ഞിനെയും വീടിന് പുറത്തേക്ക് വിട്ടത്.
കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് ബിനീഷിൻെറ വീട്ടിൽ റെയ്ഡിനെത്തിയത്. വീട്ടിൽ നിന്ന് ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിൻെറ ക്രെഡിറ്റ് കാർഡ് പിടിച്ചെടുത്തിരുന്നു. എന്നാൽ, കാർഡ് ഇ.ഡി കൊണ്ട് വെച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പിടില്ലെന്ന് ബിനീഷിൻെറ കുടുംബം നിലപാടെടുത്തതോടെ ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിൽ തുടരുകയായിരുന്നു.