ഇ.ഡിക്കെതിരെ കേസ്; വെട്ടിലാകുമെന്ന് നിയമോപദേശം: പൊലീസും ബാലാവകാശ കമീഷനും പിന്മാറുന്നു
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിൽ ഭാര്യയെയും രണ്ടരവയസ്സുള്ള മകളെയും തടഞ്ഞുവെച്ചതിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിൽനിന്ന് പൊലീസും ബാലാവകാശ കമീഷനും പിന്മാറുന്നു.
സി.ആർ.പി.സി 100 പ്രകാരം കോടതി വാറണ്ടുമായി പരിശോധനക്കെത്തിയ ഇ.ഡിക്കെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസിന് അധികാരമില്ലെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് പിന്മാറ്റം. നിയമപരമായാണ് പരിശോധനയെന്നും മറ്റ് ആരോപണങ്ങളെല്ലാം വസ്തുതവിരുദ്ധമാണെന്നും പൂജപ്പുര പൊലീസിന് അയച്ച ഇ-മെയിൽ വിശദീകരണക്കുറിപ്പിൽ ഇ.ഡി അറിയിച്ചു. ബിനീഷിെൻറ ഭാര്യപിതാവ് പ്രദീപ് നൽകിയ പരാതിയിലാണ് ഇ.ഡി പൂജപ്പുര പൊലീസിന് വിശദീകരണം നൽകിയത്.
വീട്ടിൽനിന്ന് കണ്ടെടുത്ത സാധനങ്ങളുടെ പട്ടിക അടങ്ങിയ മഹസർ ഒപ്പിടാൻ ബിനീഷിെൻറ ഭാര്യയോട് ആവശ്യപ്പെട്ടതല്ലാതെ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ല. റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളെക്കുറിച്ചും, റെയ്ഡിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചും കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും കുറിപ്പിൽ പറയുന്നു. ഇ.ഡിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ നിയമലംഘനം ബോധ്യപ്പെട്ടാൽ പൊലീസിന് കേസെടുക്കാമെന്ന നിലപാടിലാണ് ഇപ്പോൾ ബാലാവകാശ കമീഷൻ.
ഇ.ഡിയെ കേസിൽ കുടുക്കാൻ ശ്രമിച്ചാൽ യഥാർഥത്തിൽ കുടുങ്ങുക കമീഷനായിരിക്കുമെന്ന നിയമോപദേശമാണ് ലഭിച്ചത്. രണ്ടരവയസ്സുള്ള കുട്ടി റെയ്ഡ് നടക്കുമ്പോൾ അമ്മയോടൊപ്പമായിരുന്നു. കുട്ടിക്ക് ഭക്ഷണമോ വെള്ളമോ അതുമല്ലെങ്കിൽ ഉദ്യോഗസ്ഥർ കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പരാതി നൽകേണ്ടത് ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മയാണ്. അല്ലാതെ വീടിന് പുറത്തുള്ള ബന്ധുക്കളല്ല. അത്തരം പരാതികളിൽ കമീഷൻ എത്തുന്നത് നിയമപരമായി തെറ്റാണ്. ഇതിെൻറ പേരിൽ വേണമെങ്കിൽ ഇ.ഡിക്ക് ബാലവകാശ കമീഷനെതിരെ നടപടി സ്വീകരിക്കാം.
റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ അസി.ഡയറക്ടർക്ക് നൽകുന്ന 17എ ഒാൺ ആക്ഷൻ റിപ്പോർട്ടിൽ സംഭവം ചേർത്താൽ പരിശോധന തടയാൻ ശ്രമിച്ചതിന് ബാലാവകാശ കമീഷൻ വിചാരണ നേരിടേണ്ടിവരുമെന്നും അഭിഭാഷകർ കമീഷനെ അറിയിച്ചു. ഇതോടെയാണ് നടപടികളിൽ കമീഷനും പിന്തിരിയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമീഷെൻറ ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.