ഇ.ഡിക്കെതിരായ കേസ്: സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് അനുമതി തേടി
text_fieldsകൊച്ചി: ഭീഷണിപ്പെടുത്തി ഉന്നതർക്കെതിരെ മൊഴിയെടുത്തെന്ന് ആരോപിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്.
സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര വനിത ജയിലിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക) കോടതിയിൽ അപേക്ഷ നൽകിയത്.
സ്വപ്നയെ ചോദ്യം ചെയ്യാൻ അനുമതി നൽകുന്നതിനെ ഇ.ഡി പ്രോസിക്യൂട്ടർ ശക്തമായി എതിർത്തു. കേസിൽ ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ റദ്ദാക്കാനുള്ള അപേക്ഷ ഹൈകോടതിയിൽ പരിഗണനയിലാണെന്നും അതിനാൽ സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകരുതെന്നും ഇ.ഡി ബോധിപ്പിച്ചു.
വിധി വരുന്നതുവരെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യരുതെന്ന് മാത്രമാണ് ഹൈകോടതി നിർേദശിച്ചതെന്നും അതിനാൽ ജയിലിൽ സ്വപ്നയെ ചോദ്യം ചെയ്യുന്നതിൽ ഒരുപ്രശ്നവുമില്ലെന്നും ജില്ല പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.
ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ റദ്ദാക്കാൻ ഇ.ഡി സമർപ്പിച്ച ഹരജിയിൽ ഹൈകോടതി വിധി പറയുന്ന വെള്ളിയാഴ്ച വീണ്ടും കോടതി ക്രൈംബ്രാഞ്ചിെൻറ ഹരജി പരിഗണിക്കും.