തൃശൂർ: ആളൂർ പീഡനക്കേസിലെ പ്രതി സി.സി. ജോൺസണെതിരെ വ്യാജരേഖ ചമച്ചതിന് കേസെടുത്തു. എംപറർ ഇമ്മാനുവേൽ ചാരിറ്റബ്ൾ ട്രസ്റ്റി ഉമേഷ് ജോസ് നൽകിയ ഹരജിയിൽ ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് ചാലക്കുടി പൊലീസാണ് കേസെടുത്തത്. ജോൺസൺ, കൂട്ടാളികളായ സാബു സെബാസ്റ്റ്യൻ, ബിജു ഫിലിപ്, സജു കെ. ഫ്രാൻസിസ് എന്നിവരെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ജോൺസണെതിരായ ബലാത്സംഗ കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് ഒളിമ്പ്യൻ മയൂഖ ജോണി, ഉമേഷ് ജോസ് എന്നിവർക്കെതിരെ ജോൺസണിെൻറ ബന്ധുകൂടിയായ സാബു സെബാസ്റ്റ്യൻ ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. എന്നാൽ, കേസിന് ആധാരമായി കോടതിയിൽ സാബു സമർപ്പിച്ച ഇലക്ട്രോണിക് രേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഇത് കാണിച്ച് സജു ഫ്രാൻസിസ് പണമാവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ഭീഷണി മുഴക്കിയെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്.
ഹരജിയിൽ മജിസ്ട്രേറ്റ് ഒഴിവാക്കിയ ചില ജാമ്യമില്ലാ വകുപ്പുകൾ കൂട്ടിച്ചേർക്കണമെന്ന ആവശ്യവുമായി സാബു സെബാസ്റ്റ്യൻ ഹൈകോടതി വിധി നേടിയിരുന്നു.
എന്നാൽ, കേസിലെ ഒന്നാം പ്രതിയുടെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന അപേക്ഷ കോടതിക്ക് മുന്നിലിരിക്കെ വസ്തുത മറച്ചുവെച്ച് നേടിയതെന്ന് കണ്ടെത്തി ഈ വിധി അസാധുവാക്കി. ബലാത്സംഗ കേസിലെ പ്രതിക്ക് മേൽകോടതികളിൽനിന്ന് അനുകൂല വിധി സമ്പാദിക്കാനാണ് ഇലക്ട്രോണിക് രേഖകളിൽ കൃത്രിമത്വം കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇരക്കൊപ്പം നിന്നെന്ന കാരണത്താൽ തന്നെയും താനുമായി ബന്ധപ്പെട്ടവരെയും കള്ളക്കേസിൽ കുടുക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്ന പ്രതിക്കും കൂട്ടാളികൾക്കുമുള്ള തിരിച്ചടിയാണ് സമീപകാല കോടതി വിധികളെന്ന് മയൂഖ ജോണി പറഞ്ഞു.
ഇരയെയും തന്നെയും ഭീഷണിപ്പെടുത്താനും പരാതികളിൽ അന്വേഷണം വഴിതെറ്റിക്കാനും ഉദ്യോഗസ്ഥരുടെ മേൽ സ്വാധീനം ചെലുത്തുകയുമാണ് പ്രതികളും കൂട്ടാളികളുമെന്നും മയൂഖ കുറ്റപ്പെടുത്തി.