തുമ്പായത് കാറിന്റെ ഇൻഷുറൻസ് ക്ലെയിം; പൊലീസ് പരിശോധിച്ചത് അഞ്ഞൂറിലേറെ വർക് ഷോപ്പുകൾ, 19,000 വാഹനങ്ങൾ, അരലക്ഷത്തോളം ഫോൺകോളുകൾ
text_fieldsഅപകടം വരുത്തിയ കാർ. ഉൾചിത്രത്തിൽ പ്രതി ഷെജീൽ
വടകര: വടകര ദേശീയപാതയിൽ കാറിടിച്ച് വയോധിക മരിക്കുകയും പേരമകൾ അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ കേസിന്റെ ചുരുളഴിഞ്ഞത് പ്രതി ഇൻഷുറൻസ് ക്ലെയിം ചെയ്തതിലൂടെ. കണ്ണൂർ മനേക്കര പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിന് സമീപം പുത്തലത്ത് ബേബി മരിക്കുകയും കൂടെയുണ്ടായിരുന്ന പേരക്കുട്ടി ദൃഷാന ഗുരുതര പരിക്കേറ്റ് കോമ അവസ്ഥയിലാവുകയും ചെയ്ത സംഭവത്തിലാണ് പ്രതിയുടെ ഇൻഷുറൻസ് ക്ലെയിം അന്വേഷണത്തിൽ വഴിത്തിരിവായത്.
ഇരുവരെയും ഇടിച്ച് കടന്നുകളഞ്ഞ പുറമേരി മീത്തലെ പുനത്തിൽ ഷെജീലിന്റെ (35) മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻഭാഗം ഇടിയുടെ ആഘാതത്തിൽ തകർന്നിരുന്നു. പുറമേരി വെള്ളൂർ റോഡിലെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയ കാർ മതിലിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് വ്യാജ വിവരം നൽകി നഷ്ടപരിഹാരം വാങ്ങുകയായിരുന്നു. ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കാൻ തെറ്റായ സർവേ റിപ്പോർട്ട് നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ബൈന്നി പറഞ്ഞു.
അഞ്ഞൂറിലധികം കാർ വർക് ഷോപ്പുകളിൽ കയറിയിറങ്ങിയ അന്വേഷണസംഘം 19,000 വാഹനങ്ങളും അരലക്ഷത്തോളം ഫോൺ കോളുകളും ഇതിനായി പരിശോധിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് ഉൾപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വെള്ളൂരിലെ വർക്ക് ഷോപ്പിൽനിന്ന് അറ്റകുറ്റപ്പണി നടത്തിയ കാറിന് നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 30000 രൂപ അനുവദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ, മാറ്റം വരുത്തിയ നിലയിൽ കാർ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അപകടസമയം ഇൻഷുറൻസ് ഇല്ലാതിരുന്നതും പിന്നീട് ഇൻഷുറൻസ് പുതുക്കിയതുമായ വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.
ഷെജീൽ ഭാര്യക്കും മക്കൾക്കുമൊപ്പം വടകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കറങ്ങി വീട്ടിലേക്ക് മടങ്ങും വഴിയാണ് ദേശീയ പാതയിൽ വെച്ച് ദൃഷാനയെയും ബേബിയെയും ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയത്. പിൻസീറ്റിലിരുന്ന മക്കൾ മുൻ സീറ്റിലിരിക്കാൻ വാശിപിടിച്ചതോടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

