ചരക്കു കപ്പലപകടം: കണ്ടെയ്നറുകളിൽ കുടുങ്ങി വലകൾക്ക് വ്യാപക നാശം; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
text_fieldsകൊച്ചി: എൽസ- 3 കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ കുടുങ്ങി വലകൾക്ക് വ്യാപക നാശം. കൊച്ചിയിൽ നിന്നുപോയ പത്തോളം ചെറുകിട വള്ളങ്ങളുടെ വലകളാണ് നശിച്ചത്. ഇതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. ഓരോ വള്ളത്തിനും ആറുലക്ഷത്തിലധികം വില വരുന്ന വലകളാണ് നഷ്ടപ്പെട്ടത്. വലകൾ ശരിയാക്കും വരെ കടലിൽ പോകാൻ സാധിക്കാത്തതും വലകളുടെ പുനർനിർമാണത്തിന് പണം കണ്ടെത്തേണ്ടതും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാണ്.
എൽസ കപ്പൽ അപകടം ഉണ്ടായതിന് പിന്നാലെ കടലിൽ വീണ കണ്ടെയ്നറുകളാണ് മത്സ്യത്തൊഴിലാളികൾക്ക് വെല്ലുവിളിയാകുന്നത്. ഓരോ ദിവസവും കണ്ടെയ്നറുകളിൽ കുടുങ്ങി നിരവധി വള്ളങ്ങളിലെ വലകളാണ് കീറുന്നത്. ഇതോടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടങ്ങിയ സ്ഥിതിയാണ്.
തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും രസീത് പോലും നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തുടർന്ന് തൊഴിലാളികൾ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസിൽ പരാതി നൽകി. ഇതുമൂലം ഉണ്ടായ നഷ്ടത്തിന് ഹൈകോടതിയെ സമീപിക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.
നിലവിൽ പരീക്ഷണം, ആദിത്യൻ, ജലനിധി, പ്രത്യാശ, ഉന്നതൻ, പ്രവാചകൻ, അക്വിനാസ്, അൽ റഹ്മാൻ, ആണ്ടവൻ, ആറാട്ട്, സ്നേഹദീപം എന്നീ വള്ളങ്ങളുടെ വലകളാണ് നശിച്ചത്. 1000 രൂപ നഷ്ടപരിഹാരം തന്നതല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികൾ പരാതി പറയുന്നത്.
കപ്പലപകടത്തിന് ശേഷം തികഞ്ഞ നിരുത്തരവാദിത്വമാണ് കപ്പൽ കമ്പനിയും സർക്കാരും സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ തൊഴിലെടുക്കുന്ന ഈ മേഖലയിൽ ശുചീകരണ - രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കേണ്ടതും അടിയന്തരമായി അവശിഷ്ടങ്ങളും കണ്ടെയ്നറുകളും മാറ്റേണ്ടതുമുണ്ട്.
കപ്പലിലെ എണ്ണയും, കണ്ടെയ്നറുകളിലെ മാലിന്യവും ആശങ്കയുളവാക്കുന്നതാണ്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

