Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാല്‍പ്പാറ വാഹനാപകടം: അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങും അപകടത്തിനിടയാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

text_fields
bookmark_border
ഹൈകോടതിയിൽ റിപ്പോർട്ട് നൽകി
വാല്‍പ്പാറ വാഹനാപകടം: അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങും അപകടത്തിനിടയാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്
cancel

കൊച്ചി: വിനോദയാത്രപോയ അധ്യാപകരടക്കം 10 പേർ മരിക്കാനിടയായ വാൽപ്പാറ വാഹനാപകടത്തിനിടയാക്കിയത് അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ചെറിയ റോഡുകളിൽ വാഹനം ഓടിക്കുന്നതിലും പരിചയക്കുറവുണ്ടായിരുന്നു. അപകടസ്ഥലത്തെ സംരക്ഷണഭിത്തിക്കും മതിയായ ഉയരം ഉണ്ടായിരുന്നില്ല. അതിനാൽ വാഹനം മറിയുന്നത് തടയാനായില്ലെന്നും പാലക്കാട് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിങ് എം.വി.ഐ കെ.കെ. അജിത്കുമാർ ഹൈകോടതിയിൽ ഫയൽചെയ്ത റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

ഹെയർപിൻ വളവുകൾ ഇറങ്ങുകയായിരുന്ന വാഹനത്തിന്റെ വേഗം നിരന്തരം ബ്രേക്കിൽ നിയന്ത്രിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗിയർ ഡൗൺ ചെയ്ത് എൻജിൻ ഉപയോഗിച്ച് വേഗം നിയന്ത്രിച്ചില്ല. ഇത് ബ്രേക്ക് ഫെയ്ഡിങ്ങിന് കാരണമായി. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഡ്രൈവർക്ക് മലയോരമേഖലയിൽ വാഹനമോടിക്കുന്നതിൽ പരിചയക്കുറവുണ്ടായിരുന്നു.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണനയിലുള്ളത്.

അതേസമയം, അപകടം ഉണ്ടാകുന്നതിനുമുമ്പുള്ള വീഡിയോകൾ കണ്ടിരുന്നുവെന്നും വാഹനത്തിനുള്ളിൽ അനുവദനീയമല്ലാത്ത നിർമിതികൾ ഉണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതൊക്കെ എല്ലാവരും മറക്കുകയാണെന്നും കോടതി പറഞ്ഞു.

സർക്കുലറിന്റെ കാര്യത്തിലടക്കം വിശദീകരണത്തിന് കേന്ദ്രസർക്കാർ സമയം തേടിയതിനെത്തുടർന്ന് വിഷയം പിന്നീട് പരിഗണിക്കാൻ മാറ്റി.

വാല്‍പ്പാറയില്‍ അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമാണെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പും റിപ്പോർട്ട് നൽകിയിരുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും പൊള്ളാച്ചി ആർ.ടി.ഒ സർക്കാറിന് സമർപപിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്ന നിർദേശവും റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ഏപ്രിൽ 17ന് അപകടത്തില്‍പ്പെട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Carelessness, Inexperience Led to Valparai Crash: MVD Report
Next Story