വയനാട്ടിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയർ എത്തിച്ച് മമ്മൂട്ടി
text_fieldsസുൽത്താൻ ബത്തേരി: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്ക് വീൽചെയർ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം വയനാട് സുൽത്താൻ ബത്തേരിയിലെ തപോവനം കെയർ ഹോമിൽ നടന്നു.
മലങ്കര കത്തോലിക്ക സുൽത്താൻ ബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയറുകളുടെ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഷജ്ന കരീം, ശാന്തിഗിരി ആശ്രമ മേധാവി സ്നേഹത്മ ജ്ഞാനതപസ്സി സ്വാമി എന്നിവർ സന്നിഹിതരായിരുന്നു.
ഇത്തരത്തിലുള്ള നന്മപ്രവർത്തികൾ തുടരാൻ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും കഴിയട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്ന് ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ അകലെ നിന്ന് മനസ്സിലാക്കാൻ മാത്രമേ എനിക്ക് സാധിച്ചിട്ടുള്ളൂ.
കുട്ടികൾക്കായുള്ള ഹൃദയ ശസ്ത്രക്രിയ പദ്ധതി, വൃക്കമാറ്റിവെക്കൽ പദ്ധതി, ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ, ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ തുടങ്ങി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കേരളസമൂഹത്തിന് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നതായും അദ്ദേഹം പറഞ്ഞു.
കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ഷജ്ന കരീം മുഖ്യപ്രഭാഷണവും സ്നേഹത്മ ജ്ഞാനതപസ്സി സ്വാമി അനുഗ്രഹപ്രഭാഷണവും നിർവഹിച്ചു. ഓർഫനേജ് അസോസിയേഷൻ വയനാട് ജില്ല പ്രസിഡന്റ് ജോണി പള്ളിത്താഴത്ത്, സെക്രട്ടറി വിൻസെന്റ് ജോൺ, ഫാ. വിൻസെന്റ് പുതുശ്ശേരി, തപോവനം ബോർഡ് മെമ്പർ വി.പി. തോമസ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയറുകൾ സ്ഥാപനത്തിന്റെ മേധാവികൾ ബിഷപ്പിൽനിന്ന് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

